അണയാതെ തീ...  ഈ വർഷം ഇതുവരെ ചെറുതും വലുതുമായ 150 തീപിടിത്തങ്ങൾ

Sunday 16 February 2025 12:48 AM IST

തൊടുപുഴ: വേനൽ കടുത്തതോടെ ജില്ലയിലെമ്പാടും തീ പടർന്നു പിടിക്കുന്നു. പകലും രാത്രിയുമൊക്കെ ചെറുതും വലുതുമായ നിരവധി ഫയർകോളുകളാണ് ജില്ലയിലെ അഗ്നി ശമന സേന യൂണിറ്റുകളിലേക്ക് എത്തുന്നത്. ജില്ലയിലെ എട്ടു യൂണിറ്റുകളിലേക്ക് ജനുവരി ഒന്ന് മുതൽ ഇതുവരെ നൂറ്റമ്പതോളം ഫയർ കോളുകളാണ് എത്തിയത്. തൊടുപുഴ യൂണിറ്റിൽ മാത്രം 37 കോളുകൾ ലഭിച്ചു. ചൂട് കൂടിയതോടെ ദിവസത്തിൽ രണ്ടാ മൂന്നോ കോളുകൾ ഓരോ ഫയർ സ്റ്റേഷനിലേക്കും എത്തുന്നുണ്ട്. തൊടുപുഴ താലൂക്കിൽ വ്യാപകമായാണ് തീപിടിത്തമുണ്ടാകുന്നത്. എല്ലാ ദിവസവും തൊടുപുഴ അഗ്നി രക്ഷ സേന ഓഫീസിലേക്ക് നിരവധി കോളുകൾ എത്തുന്നുണ്ട്. വീടുകളിൽ തീ പിടിക്കുന്നതും ചെറുകാടുകൾക്കടക്കം തീ പിടിക്കുന്നതും കഴിഞ്ഞ ദിവസങ്ങളിൽ വർദ്ധിച്ചിട്ടുണ്ട്. ലോ റേഞ്ച് ഹൈറേഞ്ച് വ്യത്യാസമില്ലാതെ കനത്ത ചൂടാണ് പകൽ സമയങ്ങളിൽ അനുഭവപ്പെടുന്നത്. പറമ്പുകൾക്ക് തീ പിടിക്കുന്നതും കൂടിയിട്ടുണ്ട്. മാലിന്യവും കരിയിലയും കൂട്ടിയിട്ട് കത്തിക്കുന്നത് അപകടങ്ങൾക്ക് കാരമമാകുന്നുവെന്നും ജാഗ്രത പാലിക്കണമെന്നുമാണ് അഗ്നി രക്ഷാ സേനാംഗങ്ങൾ പറയുന്നത്.

ജാഗ്രത വേണം; മുൻ കരുതലും കാറ്റിന്റെ സ്വാധീനവും തീ പിടിത്തത്തിന്റെ വ്യാപ്തി വർദ്ധിപ്പിക്കുന്നുണ്ട്. ശക്തമായ കാറ്റുണ്ടാകുമ്പോൾ കരിയിലകൾ പറന്ന് അടുത്ത പറമ്പിലേക്കും മറ്റും തീ എത്തും. അശ്രദ്ധമായി വലിച്ചെറിയുന്ന ചെറിയ സിഗരറ്റ് കുറ്റികൾ പോലും വലിയ തീപിടിത്തത്തിന് കാരണമാകും. തോട്ടങ്ങളിലും ജനവാസകേന്ദ്രങ്ങളിലും വനങ്ങളിലുമുണ്ടാകുന്ന തീപിടിത്തം മുൻ വർഷങ്ങളിൽ ജനങ്ങളുടെ സ്വത്തിനും ജീവന് തന്നെയും പല തവണ ഭീഷണി സൃഷ്ടിച്ചിട്ടുണ്ട്.

കാട്ടുതീ കുഴയ്ക്കും

കാട്ടു തീ പടരുന്ന മേഖലകളിൽ എത്തിപ്പെടാനുള്ള ബുദ്ധിമുട്ട് ഫയർഫോഴ്സിനെ കുഴയ്ക്കുന്നു. പലപ്പോഴും വാഹനത്തിന് എത്തിപ്പെടാൻ കഴിയാത്ത മേഖലകളിലായിരിക്കും കാട്ടു തീ പടർന്ന് പിടിക്കുന്നത്. പുൽമേടുകളിലും മറ്റും വെള്ളവുമായി വാഹനത്തിന് എത്തിച്ചേരാൻ കഴിയാത്ത സാഹചര്യമായതിനാൽ പ്രദേശവാസികളുടെയടക്കം സഹായത്തോടെയാണ് തീ നിയന്ത്രണ വിധേയമാക്കുന്നത്. ഹെക്ടർ കണക്കിന് വനമേഖലയും കൃഷി സ്ഥലങ്ങളും വസ്തു വകകളുമാണ് ഓരോ വേനലിലും കത്തി നശിക്കുന്നത്.

അപകടകാരണം അശ്രദ്ധ പലപ്പോഴും ആളുകളുടെ അശ്രദ്ധ മൂലമാണ് തീപിടുത്തം ഉണ്ടാകുന്നതെന്ന് ഫയർഫോഴ്സ് അധികൃതർ. നല്ല വെയിൽ ഉള്ള സമയത്ത് തീയിട്ടാൽ അത് നിയന്ത്രണാതീതമായി മറ്റ് ഭാഗങ്ങളിലേക്ക് ആളിപ്പടരും. മറ്റു സമയങ്ങളിൽ തീയിട്ടാലും വെള്ളം കൂടാതെ പച്ചിലത്തൂപ്പും കരുതിവയ്‌ക്കേണ്ടതാണ്. കാരണം തീ വ്യാപിച്ചാൽ ഇവ ഉപയോഗിച്ച് ഉടൻ തന്നെ കെടുത്താൻ സാധിക്കുമെന്നും ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി.