വേനലിൽ കരിഞ്ഞുണങ്ങി വാഴക്കൃഷി
കിളിമാനൂർ: കന്നിമണ്ണിന്റെ വളക്കൂറും കർഷകന്റെ കഠിനാദ്ധ്വാനവും ഉണ്ടായിട്ടും വാഴക്കൃഷിക്ക് കഷ്ടകാലം തന്നെ. വേനൽ ആരംഭിച്ചതേയുള്ളൂ. അതിനിടെ ഒടിഞ്ഞു വീണത് ആയിരക്കണക്കിന് വാഴകൾ. ഒപ്പം കർഷകന്റെ സ്വപ്നങ്ങളും. ലക്ഷക്കണക്കിന് രൂപ ലോണെടുത്തും പുരയിടം പാട്ടത്തിനെടുത്തുമൊക്കെയാണ് കർഷകർ വാഴ കൃഷി ചെയ്യുന്നത്. മികച്ച വരുമാനവും നാടൻ വാഴക്കുലകൾക്കുള്ള ജനപ്രീതിയുമൊക്കെ കണക്കിലെടുത്താണ് യുവാക്കൾ ഉൾപ്പെടെയുള്ളവർ ഈ രംഗത്തിറങ്ങുന്നത്. എന്നാൽ വേനലെത്തിയതോടെ കുലച്ച വാഴകൾ ഉൾപ്പെടെ ഒടിഞ്ഞു വീഴാനും കരിഞ്ഞുണങ്ങാനും തുടങ്ങി. കൃഷിക്കാവശ്യമായ വെള്ളം ലഭിക്കാത്തതാണ് പ്രധാന കാരണം. അന്യസംസ്ഥാനങ്ങളെ ആശ്രയിക്കാതെ വാഴക്കൃഷിയിലും വാഴക്കുലകളിലും സ്വയംപര്യാപ്തത കൈവരിക്കാൻ തക്ക വാഴക്കൃഷി നമുക്കുണ്ടെങ്കിലും ഓരോ വർഷവും ഉണ്ടാകുന്ന പ്രതിസന്ധികൾ കർഷകനെ ദുരിതത്തിലാക്കുന്നു.
പ്രതിസന്ധികൾ:
കീടരോഗ ശല്യം
കാട്ടുപന്നിശല്യം
കാലവർഷത്തിലെ കാറ്റ്
ജില്ലയിൽ എല്ലാ സ്ഥലങ്ങളിലും വാഴക്കൃഷി സജീവമാണ്
വാഴക്കന്ന് ഒന്നിന് 20 രൂപ
നേന്ത്രക്കായ - കിലോ - 80- 100
പാറശാല, നെയ്യാറ്റിൻകര, കോവളം, പോത്തൻകോട്, ആറ്റിങ്ങൽ,ചിറയിൻകീഴ്, ശ്രീകാര്യം, കിളിമാനൂർ എന്നിവിടങ്ങളിലായി പതിനായിരം ഹെക്ടർ കൃഷിയുണ്ട്
കാലാവസ്ഥയ്ക്കും ചുറ്റുപാടുകൾക്കും അനുസരിച്ച് കൃഷി ചെയ്യാം. വയലുകളിൽ ചെയ്യുന്ന കൃഷിയാണ് മിക്കവാറും നശിക്കുന്നത്.ഇതിൽ പ്രധാനമായും നശിക്കുന്നത് നേന്ത്രവാഴയാണ്.ഇത്തരത്തിൽ ദുർബലമായ വാഴയ്ക്ക് പകരം മറ്റു വാഴകൾ നീർവാർച്ചയുള്ള സ്ഥലങ്ങളിൽ കൃഷി ചെയ്യാം.