യു.എസിനായി തീരുവ ഇളവ്, പ്രതിഷേധിച്ച് മദ്യനിർമ്മാതാക്കൾ

Sunday 16 February 2025 1:23 AM IST

ന്യൂഡൽഹി: യു.എസിൽ ജനപ്രീതിയുള്ള ബോർബൺ വിസ്കിയുടെ കസ്‌റ്റംസ് തീരുവ 150 ശതമാനത്തിൽ നിന്ന് 50 ശതമാനമായി കുറച്ചത് എല്ലാ മദ്യത്തിനും ബാധകമാക്കണമെന്ന് മദ്യ നിർമ്മാതാക്കൾ. കസ്റ്റംസ് തീരുവ കുറയ്ക്കൽ സ്പിരിറ്റ്, വൈൻ വിഭാഗങ്ങളിലെ ഇന്ത്യൻ ഉത്പന്നങ്ങളെ ദോഷകരമായി ബാധിക്കുമെന്നാണ് വാദം.

യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച താരിഫ് വർദ്ധനയിൽ ഇന്ത്യയ്‌ക്ക് ഇളവുലഭിക്കുമെന്ന പ്രതീക്ഷയിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യു.എസ് സന്ദർശനത്തിന് മുന്നോടിയായി ബോർബൺ വിസ്‌കിയുടെ കസ്റ്റംസ് തീരുവ കുറച്ചത്. ഇതിനെ യു.എസ് സ്വാഗതം ചെയ്‌തിരുന്നു.

ഇന്ത്യൻ മദ്യ ഉത്പന്നങ്ങൾക്ക് മികച്ച അന്താരാഷ്ട്ര വിപണി പ്രവേശനം ഉറപ്പാക്കുന്നതിന് ഫലപ്രദവുമായ നടപടികൾ സ്വീകരിക്കണമെന്ന് കോൺഫെഡറേഷൻ ഒഫ് ഇന്ത്യൻ ആൽക്കഹോളിക് ബിവറേജ് കമ്പനീസ് (സി.ഐ.എ.ബി.സി) സർക്കാരിനോട് ആവശ്യപ്പെട്ടു. പാശ്ചാത്യ വിപണികളിൽ ഇന്ത്യൻ മദ്യം വിൽക്കുന്നതിനുള്ള തടസ്സങ്ങൾ ഇല്ലാതാക്കണം.

യു.കെയിൽ ഇന്ത്യൻ വിസ്‌കിക്ക് മൂന്ന് വർഷത്തെ 'മച്യൂറേഷൻ'കാലാവധി നിർബന്ധമാക്കിയത് അവർ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിലെ ചൂടുള്ള കാലാവസ്ഥയിൽ വിസ്കി വേഗത്തിൽ പാകമാകുമെന്നും മൂന്നു വർഷത്തെ കാലാവധി അനാവശ്യമാണെന്നും അവർ പറയുന്നു.