ഡ്രെെവറും ക്ലീനറും പരിക്കേറ്റ് പെരുവഴിയിൽ; കോഴികളെ പിടികൂടാൻ ഓടിയെത്തി ജനം

Sunday 16 February 2025 6:22 PM IST

ആഗ്ര: ലോറി മറിഞ്ഞതിന് പിന്നാലെ അതിലുണ്ടായിരുന്ന കോഴികളെ പിടികൂടാൻ ഓടിക്കൂടി ജനം. ഉത്തർപ്രദേശിലെ കനൗജിൽ ആഗ്ര എക്‌സ്‌പ്രസ് വേയിലാണ് സംഭവം നടന്നത്. കോഴികളുമായി വന്ന ലോറി മറിഞ്ഞ് കിടക്കുന്നതും ജനങ്ങൾ കോഴികളെ എടുത്തുകൊണ്ടുപോകുന്നതിന്റെയും വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

വാഹനത്തിലുണ്ടായിരുന്ന ഡ്രെെവറും സഹായിയും അപകടത്തിൽ പരിക്കേറ്റ് കിടന്നിട്ടും അവരെ രക്ഷിക്കാൻ ശ്രമിക്കാതെ ജനങ്ങൾ കോഴികളെ പിടികൂടി വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഫെബ്രുവരി 15ശനിയാഴ്ചയായിരുന്നു സംഭവം നടന്നത്. ലോറി മറിഞ്ഞതിന് പിന്നാലെ ജനങ്ങൾ റോഡിൽ വീണ കോഴികളെ പരമാവധി പിടികൂടി കൊണ്ടുപോകാൻ ശ്രമിക്കുന്നത് പുറത്തുവന്ന വീഡിയോയിൽ കാണാം.

ശേഷം പൊലീസ് എത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കിയത്. പരിക്കേറ്റ ഡ്രെെവറെയും ക്ലീനറെയും പൊലീസ് ആശുപത്രിയിൽ എത്തിച്ചു. വാഹനമോടിക്കുന്നതിനിടെ ഡ്രെെവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് റിപ്പോർട്ട്. അമേത്തിയിൽ നിന്ന് ഫിറോസാബാദിലേക്ക് കോഴികളെ കൊണ്ടുപോകുകയായിരുന്ന ലോറിയാണ് മറിഞ്ഞത്.