ഡൽഹി ദുരന്തം സുരക്ഷാവീഴ്ച, റെയിൽവേ സ്റ്റേഷനിലെ തിക്കിലും തിരക്കിലും  18 മരണം

Monday 17 February 2025 12:00 AM IST

 ഇരയായത് കുംഭമേള തീർത്ഥാടകർ

ന്യൂഡൽഹി: തിക്കും തിരക്കും നിയന്ത്രിക്കാൻ യാതൊരു സംവിധാനവും ഇല്ലാതിരുന്നതാണ് ശനിയാഴ്ച രാത്രി ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ 18 പേരുടെ ജീവനെടുത്ത ദുരന്തം വരുത്തിവച്ചത്. 16 പ്ളാറ്റ്ഫോമുള്ള റെയിൽവേ സ്റ്റേഷനിൽ ട്രെയിനുകളിൽ ഒരേസമയം വന്നിറങ്ങുകയും പോവുകയും ചെയ്യുന്നത് ആയിരങ്ങളാണ്.ഇതിനു പുറമേയാണ് കുംഭമേള തീർത്ഥാടകരുടെ കുത്തൊഴുക്ക്. ഇത് മുന്നിൽക്കണ്ട് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നില്ല.

ശിവരാത്രി ദിനമായ ഫെബ്രുവരി 26ന് സമാപിക്കുന്ന കുംഭമേളയിലേക്കുള്ള തീർത്ഥാടകരുടെ ഒഴുക്ക് ഓരോ ദിവസവും പതിൻമടങ്ങ് വർദ്ധിക്കുകയാണ്. ഇതേതുടർന്ന് ഇന്നലെ ആറു കമ്പനി പൊലീസിനെ അധികമായി നിയോഗിച്ചു. ബാരിക്കേഡുകൾ സ്ഥാപിച്ച് പ്ളാറ്റ് ഫോമുകളിലേക്കുള്ള പ്രവേശനം നിയന്ത്രിക്കാനും തുടങ്ങി. പ്രയാഗ് രാജിലേക്ക് കൂടുതൽ സ്പെഷ്യൽ ട്രെയിനുകളും ഓടിത്തുടങ്ങി.

ചവിട്ടേറ്റ് വാരിയെല്ലും ആന്തരിക അവയവങ്ങളും തകർന്നാണ് മരണം സംഭവിച്ചതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ശ്വാസംകിട്ടാതെയും പലരും മരണത്തിനിരയായി.

മരിച്ചവരിൽ 11 സ്ത്രീകളും, അഞ്ചു കുട്ടികളും ഉൾപ്പെടുന്നു. പ്രയാഗ്‌രാജ് കുംഭമേളയ്‌ക്കു പോകാൻ വന്ന ഡൽഹി, ബീഹാർ, ഹരിയാന സ്വദേശികളാണ് ഇരയായത്. ബീഹാറിൽനിന്നുള്ള എട്ടുപേർ മരിച്ചു. ഒരു കുടുംബത്തിലെ മൂന്നുപേരും ഇതിൽപ്പെടുന്നു.

40ലേറെ പേർക്ക് പരിക്കേറ്റെന്നാണ് അനൗദ്യോഗിക റിപ്പോർട്ട്. 9 പേരുടെ നില ഗുരുതരമാണ്.

രക്ഷാപ്രവർത്തനം വൈകിയെന്നും ആരോപണമുയർന്നു. ശനിയാഴ്ച രാത്രി ഒൻപതേമുക്കാലോടെയാണ് ദുരന്തമുണ്ടായത്. പരിക്കേറ്റവരെ ലോക്‌നായക് ജയ്‌പ്രകാശ്, ലേഡി ഹാർഡിംഗ് ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

മ​ര​ണ​ത്തി​ന്റെ​ ​ഭീ​ക​ര​ ദൃ​‌​ശ്യ​ങ്ങൾ

# മണിക്കൂറിൽ 1500 ജനറൽ ടിക്കറ്റുകൾ വരെ വിറ്റത് റെയിൽവേ സ്റ്റേഷനിൽ നിയന്ത്രണാതീതമായ തിരക്കുണ്ടാക്കിയെന്ന് പൊലീസ് കണ്ടെത്തി. ഇതിനു പുറമെ, നൂറുകണക്കിന് പേർ ടിക്കറ്റില്ലാതെയും ട്രെയിൻ കയറാൻ പ്ളാറ്റ് ഫോമുകളിൽ തടച്ചുകൂടിയിരുന്നു.

# പ്രയാഗ്‌രാജ് വഴി പോകുന്ന നാല് ട്രെയിനുകളിൽ മൂന്നും വൈകിയിരുന്നു. പ്ലാറ്റ്ഫോം 14ൽ ഉണ്ടായിരുന്ന പ്രയാഗ്‌രാജ് എക്‌സ്‌പ്രസിൽ കയറിക്കൂടാൻ തിക്കുംതിരക്കുമായിരുന്നു. അതിനിടെ പ്ളാറ്റ്ഫോം 16ൽ പ്രയാഗ്‌രാജ് സ്‌പെഷ്യൽ ട്രെയിൻ വരുന്നതായി അനൗൺസ്‌മെന്റുണ്ടായി.

# പ്ളാറ്റ്ഫോം 14ൽ തടിച്ചുകൂടിയിരുന്നവർ ഒന്നടങ്കം പതിനാറിലേക്ക് പാഞ്ഞു. എസ്കലേറ്ററിലും മേൽപ്പാലത്തിലും അനിയന്ത്രിതമായ തിരക്ക്. ശ്വാസംമുട്ടി പലരും കുഴഞ്ഞുവീണു.അവരെ ചവിട്ടി നിയന്ത്രണം വിട്ടവരും വീണു. പിന്നിൽ നിന്നുള്ള തള്ളൽകൂടിയായതോടെ ദുരന്തമായി മാറി.

#ഫ്ളാറ്റ്ഫോം പതിനഞ്ചിലും പതിനാറിലും പ്രത്യാഘാതമുണ്ടായി. കൂട്ടനിലവിളി ഉയർന്നതോടെ പ്ളാറ്റ് ഫോമുകളിൽനിന്ന് ജനം പുറത്തേക്ക്പാഞ്ഞു. അതും തിക്കിനും തിരക്കിനും ഇടയാക്കി.

അന്വേഷണം, നഷ്ടപരിഹാരം

സംഭവം അന്വേഷിക്കാൻ രണ്ടംഗ ഉന്നത സമിതിയെ റെയിൽവേ നിയോഗിച്ചു. ഡി.സി.പി തലത്തിലെ ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ ഡൽഹി പൊലീസും അന്വേഷിക്കുന്നു. മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതം റെയിൽവേ നഷ്‌ടപരിഹാരം പ്രഖ്യാപിച്ചു. ഗുരുതരമായി പരിക്കേറ്റവർക്ക് രണ്ടരലക്ഷവും, നിസാര പരിക്കേറ്റവർക്ക് ഒരു ലക്ഷം വീതവും നൽകും. മരിച്ച ബീഹാർ സ്വദേശികളുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രി നിതീഷ് കുമാർ രണ്ടുലക്ഷം രൂപ വീതം നഷ്‌ടപരിഹാരം പ്രഖ്യാപിച്ചു.