ചാലക്കുടി ബാങ്ക് കൊള്ള : റിജോ ആന്റണിയെ കുടുക്കിയത് പൊലീസിന്റെ ആ സംശയം ,​ സിസി ടിവി ദൃശ്യങ്ങളും നിർണായകമായി

Sunday 16 February 2025 9:21 PM IST

തൃശൂർ : ചാലക്കുടി പോട്ടയിലെ ഫെഡറൽ ബാങ്ക് ശാഖയിൽ നടന്ന കവർച്ചയിൽ പ്രതിയെ കുടുക്കാൻ സഹായകമായത് സിസി ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം. കവർച്ചയ്ക്ക് ശേഷം പ്രതി ചാലക്കുടി സ്വദേശി റിജോ ആന്റണി രക്ഷപ്പെടാൻ ദേശീയപാതയെ കൂടുതലായി ആശ്രയിച്ചിരുന്നില്ല. സിസി ടിവി ദൃശ്യങ്ങളിൽ നിന്നാണ് ഇക്കാര്യം പൊലീസിന് വ്യക്തമായത്. ദേശീയപാതയിലെ സിസി ടിവി ദൃശ്യങ്ങളിൽ പ്രതിയുടെ ബൈക്ക് പതിഞ്ഞിരുന്നില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇടറോഡുകളെയാണ് പ്രതി രക്ഷപ്പെടാനായി ആശ്രയിച്ചതെന്ന നിഗമനത്തിൽ പൊലീസ് എത്തി. ഇതോടെയാണ് സ്ഥലത്തെ കുറിച്ച് വ്യക്തമായി അറിയാവുന്ന പ്രദേശവാസിയായിരിക്കും കവർച്ചയ്ക്ക് പിന്നിലെന്ന് പൊലീസ് ഉറപ്പിച്ചത്. ഇതിന്റെ ചുവടുപിടിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

കഴിഞ്ഞ ഏതാനും ദിവസങ്ങളിലെ ബാങ്കിന്റെ പ്രവർത്തനം നിരീക്ഷിച്ച ശേഷമാണ് കവർച്ച നടത്താൻ ഉച്ചസമയം തിരഞ്ഞെടുത്തത്. ജീവനക്കാർ പുറത്തുപോകുന്ന സമയവും മറ്റും കൃത്യമായി മനസിലാക്കിയാണ് പ്രതി മോഷണം ആസൂത്രണം ചെയ്തത്. കവർച്ച നടത്തുമ്പോൾ ബാങ്കിൽ 45 ലക്ഷം ഉണ്ടായിരിുന്നിട്ടും 15 ലക്ഷം രൂപമാത്രമാണ് പ്രതി എടുത്തത്. ഇതും പൊലീസിന്റെ അന്വേഷണത്തിൽ നിർണായകമായി. ഓയൂരിൽ കടംവീട്ടാനായി കുട്ടിയെ തട്ടിക്കൊണ്ടുപോയ പ്രതികൾക്ക് സമാനമായി കടംവീട്ടാനാണ് ചാലക്കുടിയിലെ കവർച്ചയെന്ന സംശയവും പൊലീസിന് ഉണ്ടായിരുന്നു. തുടർന്ന് കടം വാങ്ങിയ ശേഷം തിരിച്ചടയ്ക്കാത്തവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണവും പ്രതിയിലേക്ക് എത്താൻ സഹായിച്ചു. മോഷണം നടന്ന ഉടൻ തൊട്ടടുത്ത റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലും സംശയകരമായി ഒന്നും തന്നെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഇതും പ്രതി പ്രദേശം വിട്ടു പോയിട്ടില്ലെന്ന നിഗമനത്തിൽ എത്തിച്ചേരാൻ പൊലീസിനെ സഹായിച്ചു.