വേറെ ലെവൽ വില്ലൻ ലുക്കിൽ മമ്മൂട്ടി
മമ്മൂട്ടിയും വിനായകനും ഒരുമിക്കുന്ന നവാഗതനായ ജിതിൽ കെ. ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് കളങ്കാവൽ എന്നു പേരിട്ടു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ പുറത്തിറങ്ങി. ഭ്രമയുഗത്തിനുശേഷം പക്കാ നെഗറ്റീവ് വൈബ് സമ്മാനിക്കുന്ന ലുക്കിലാണ് പോസ്റ്ററിൽ മമ്മൂട്ടി.
പല്ല് കൊണ്ട് സിഗരറ്റ് കടിച്ച് ഞെരിക്കുന്നതിനൊപ്പം ആരെയോ മർദ്ദിക്കുന്ന തരത്തിലാണ് കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ നായകൻ വിനായകനും പ്രതിനായകൻ മമ്മൂട്ടിയും എന്ന് ആരാധകർ ഉറപ്പിക്കുന്നു.മമ്മൂട്ടിയുടെ വേറെ ലെവൽ വില്ലൻലുക്ക് മാത്രമല്ല പ്രത്യേകത. പോസ്റ്ററിൽ ആദ്യം കൊടുത്ത പേര് വിനായകന്റെ ആണ്. മമ്മൂട്ടി കമ്പനി അവതരിപ്പിക്കുന്നു വിനായകൻ- മമ്മൂട്ടി എന്നാണ് പോസ്റ്ററിലുള്ളത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രമാണ് കളങ്കാവൽ. ദുൽഖർ സൽമാൻ ചിത്രം കുറുപ്പ് എന്ന ചിത്രത്തിന്റെ കഥാകൃത്താണ് ജിതിൻ കെ. ജോസ്. ഫൈസൽ അലി ഛായാഗ്രഹണം നിർവഹിക്കുന്നു. സുഷിൻ ശ്യാം ആണ് സംഗീത സംവിധാനം. അതേസമയം ഡിനോ ഡെന്നിസ് രചനയും സംവിധാനവും നിർവഹിക്കുന്ന ബസൂക്ക ആണ് റിലീസിന് ഒരുങ്ങുന്ന മമ്മൂട്ടി ചിത്രം. ഏപ്രിൽ 10-ന് റിലീസ് ചെയ്യുന്ന ചിത്രം ഗെയിം ത്രില്ലർ ഗണത്തിൽപ്പെടുന്നു. ചിത്രത്തിലെ മമ്മൂട്ടിയുടെ ലുക്കും ഗംഭീര പോസ്റ്ററുകളും സമൂഹ മാധ്യമങ്ങളിൽ നേരത്തേ തന്നെ വൈറലായിരുന്നു. പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോൻ നിർണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സിദ്ധാർത്ഥ് ഭരതൻ, ബാബു ആന്റണി, ഹക്കിം ഷാ, ഭാമ അരുൺ, ഡീൻ ഡെന്നിസ്, സുമിത് നേവൽ, ദിവ്യപിള്ള. സ്ഫടികം ജോർജ് എന്നിവരാണ് മറ്റ് താരങ്ങൾ. സരിഗമയും തിയേറ്റർ ഒഫ് ഡ്രീംസും ചേർന്നാണ് നിർമ്മാണം.