മോഹൻലാലിനൊപ്പം പഴംപൊരി മുറിച്ച് സംഗീത് പ്രതാപിന്റെ ജന്മദിനാഘോഷം
മോഹൻലാൽ - സത്യൻ അന്തിക്കാട് ചിത്രം ഹൃദയപൂർവത്തിന്റെ ലൊക്കേഷനിൽ ജന്മദിനം ആഘോഷിച്ച് യുവതാരങ്ങളിൽ ശ്രദ്ധേയനായ സംഗീത് പ്രതാപ്. കേക്ക് വൈകിയതിനാൽ മോഹൻലാലിനൊപ്പം പഴം പൊരി മുറിച്ചാണ് താരം ജന്മദിനം ആഘോഷിച്ചത്. മോഹൻലാലിനും സത്യൻ അന്തിക്കാടിനും ഒപ്പം ജന്മദിനം ആഘോഷിക്കുന്ന സംഗീതിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമത്തിൽ ശ്രദ്ധ നേടുന്നു.
ജന്മദിന കേക്ക് എത്തിയപ്പോൾ സെറ്റിലുള്ളവർക്കൊപ്പം താരം കേക്കും മുറിച്ചു. ഭാര്യ ആൻസിയും ജന്മദിനാഘോഷത്തിൽ പങ്കുചേരാൻ ഹൃദയപൂർവത്തിന്റെ സെറ്റിൽ എത്തിയിരുന്നു. പ്രേമലു സിനിമയിൽ അമൽ ഡേവിസ് എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ ഇഷ്ടം നേടിയ താരമാണ് സംഗീത് പ്രതാപ്. ഹരിഹരസുതൻ എന്ന മുഴുനീള കഥാപാത്രത്തെ സംഗീത് അവതരിപ്പിക്കുന്ന ബ്രോമാൻസ് തിയേറ്ററിൽ നിറഞ്ഞ സദസിൽ പ്രദർശിപ്പിക്കുന്നു. കുഞ്ചാക്കോ ബോബൻ നായകനായി സഞ്ജയ് - ബോബിയുടെ തിരക്കഥയിൽ അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ ആണ് സംഗീത് പ്രതാപിന്റെ മറ്റൊരു ചിത്രം. പ്രേമലു 2 താരത്തെ കാത്തിരിപ്പുണ്ട്.