തെലുങ്ക് നടി ചിത്തജല്ലു കൃഷ്ണവേണി അന്തരിച്ചു

Monday 17 February 2025 1:50 AM IST

ഹൈദരാബാദ്: പ്രശസ്ത തെലുങ്ക് നടിയും നിർമ്മാതാവും പിന്നണി ഗായികയുമായിരുന്ന ചിത്തജല്ലു കൃഷ്ണവേണി അന്തരിച്ചു. 102 വയസായിരുന്നു.

വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഇന്നലെ വീട്ടിൽവച്ചായിരുന്നു അന്ത്യം. തെലുങ്ക് സിനിമാ വ്യവസായത്തെ രൂപപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിച്ചു. മല്ലി പേളി (1939), ഭക്ത പ്രഹ്ലാദ (1942), ഭീഷ്മ (1944), ബ്രഹ്മരഥം (1947), ഗൊല്ലഭാമ (1947) തുടങ്ങി നിരവധി ഹിറ്റ് സിനിമകളിൽ വേഷമിട്ടു.
ആന്ധ്രയിലെ വെസ്റ്റ് ഗോദാവരി ജില്ലയിലെ പാങ്കിടിയിലാണ് ജനനം. അച്ഛൻ കൃഷ്ണറാവു ഡോക്ടറായിരുന്നു. നിരവധി നാടകങ്ങളിൽ അഭിനയിച്ചു.

'അനസൂയ"യിലൂടെ ബാലതാരമായാണ് സിനിമാ അരങ്ങേറ്റം.

1939ൽ ചെന്നൈയിലേക്ക് താമസം മാറി. പിന്നാലെ തെലുങ്ക് സിനിമകളിൽ സജീവമായി. തമിഴിലും അഭിനയിച്ചു. 1939ൽ മിർസാപുരം സമീന്ദാറുമായി വിവാഹം. ഭർത്താവിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന കമ്പനിയിലൂടെ നിർമ്മാണരംഗത്തും സജീവമായി. മകളുടെ പേരിൽ എം.ആർ.എ പ്രൊഡക്ഷൻസ് എന്ന നിർമ്മാണ കമ്പനി ആരംഭിച്ചു. ബംഗാളി നോവലായ 'വിപ്രദാസു"യെ അടിസ്ഥാനമാക്കി നിർമ്മിച്ച 'മന ദേശം" എന്ന ചിത്രത്തിലൂടെ എൻ.ടി.ആറിനെ സിനിമാ ലോകത്തിന് പരിചയപ്പെടുത്തി. സംഗീതസംവിധായകൻ ഖണ്ഡശാല വെങ്കടേശ്വര റാവു, ഗായിക പി.ലീല തുടങ്ങിയവരെയും തെലുങ്ക് സിനിമയിൽ അവതരിപ്പിച്ചത് കൃഷ്ണവേണിയായിരുന്നു. ഒട്ടേറെ ചിത്രങ്ങൾ നിർമ്മിച്ചു. 2004ൽ സിനിമയ്ക്ക് നൽകിയ സമഗ്രസംഭാവനകൾ പരിഗണിച്ച് ആന്ധ്രാ സർക്കാർ രഘുപതി വെങ്കയ്യ പുരസ്‌കാരം നൽകി ആദരിച്ചു. നിർമ്മാതാവായ എൻ.ആർ.അനുരാധയാണ് മകൾ.