മോദിയെ കളിയാക്കി കാരിക്കേച്ചർ; 'വികടൻ' ബ്ലോക്ക്ഡ്

Monday 17 February 2025 1:22 AM IST

ചെന്നൈ: കൈകളും കാലുകളും ചങ്ങലയിട്ട നിലയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനൊപ്പം ഇരിക്കുന്ന കാരിക്കേച്ചർ പ്രസിദ്ധീകരിച്ച തമിഴ് മാദ്ധ്യമമായ 'വികടന്റെ' വികടൻ പ്ലസ് വെബ്‌സൈറ്റ് ബ്ലോക്ക് ചെയ്തു.അമേരിക്കയിൽ നിന്നു നാടുകടത്തുന്ന ഇന്ത്യക്കാരെ ചങ്ങലയിട്ട് കൊണ്ടുവരുന്നത് വിവാദമായ പശ്ചാത്തലത്തിലായിരുന്നു കാരിക്കേച്ചർ.

നടപടി പിൻവലിക്കണമെന്ന് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ആവശ്യപ്പെട്ടു.

`അഭിപ്രായങ്ങളുടെ പേരിൽ മാദ്ധ്യമങ്ങളെ തടയുന്നത് ജനാധിപത്യത്തിന് അനുയോജ്യമല്ല. ബി.ജെ.പി സർക്കാരിന്റെ ഫാസിസ്റ്റ് സ്വഭാവത്തിന്റെ മറ്റൊരു ഉദാഹരണം മാത്രമാണിത്. വെബ്‌സൈറ്റ് ബ്ലോക്ക് ചെയ്തത് പിൻവലിക്കണം. ഒരു നൂറ്റാണ്ടായി പ്രവർത്തിക്കുന്ന മാദ്ധ്യമ സ്ഥാപനമാണ് 'വികടൻ'- അദ്ദേഹം പറഞ്ഞു.

കാരിക്കേച്ചർ വന്നപ്പോൾ തന്നെ നിരവധി ബി.ജെ.പി അനുയായികൾ വിമർശിച്ചിരുന്നു. കേന്ദ്ര സർക്കാരിന് സംസ്ഥാന അദ്ധ്യക്ഷൻ കെ.അണ്ണാമലൈ പരാതി നൽകിയെന്നും വാർത്തകൾ വന്നു. വികടൻ വെബ്‌സൈറ്റ് ലഭിക്കുന്നില്ലെന്ന് നിരവധി വായനക്കാർ പരാതി പറഞ്ഞെന്ന് സ്ഥാപനം വെളിപ്പെടുത്തി. എന്നാൽ ഔദ്യോഗിക അറിയിപ്പ് കേന്ദ്ര സർക്കാരിൽ നിന്നു ലഭിച്ചിട്ടില്ല. ആവിഷ്കാര സ്വാതന്ത്ര്യത്തെ ഇനിയും ഉയർത്തിപ്പിടിക്കും-'വികടൻ' അറിയിച്ചു.