വോട്ടിംഗ് പ്രോത്സാഹന ഫണ്ട് ഇന്ത്യക്കുള്ള 21 മില്യൺ ഡോളർ നിറുത്തലാക്കി യു.എസ്
വാഷിംഗ്ടൺ : ഇന്ത്യയിലെ വോട്ടെടുപ്പിൽ ജനങ്ങളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിന് നടത്തുന്ന ബോധവത്കരണ നടപടികൾക്കായി നൽകിവരുന്ന 21 മില്യൺ ഡോളറിന്റെ സഹായം നിറുത്തലാക്കി യു.എസ്. ഇലോൺ മസ്കിന്റെ നേതൃത്വത്തിലുള്ള കാര്യക്ഷമത ഡിപ്പാർട്ട്മെന്റിന്റെ (ഡോഷ്) തീരുമാനത്തിലാണിത്. ഇന്ത്യ, ബംഗ്ലാദേശ്, മൊസാംബിക് തുടങ്ങിയ രാജ്യങ്ങളിലെ വിവിധ പദ്ധതികൾക്കായി യു.എസ് നൽകുന്ന രാജ്യാന്തര സഹായത്തിൽ വെട്ടിക്കുറയ്ക്കൽ നടക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഡോഷിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ് തീരുമാനം അറിയിച്ചത്. രാജ്യങ്ങൾക്കുള്ള
ബഡ്ജറ്റ് വെട്ടിക്കുറച്ചില്ലെങ്കിൽ യു.എസ് പാപ്പരാകുമെന്ന് ഇലോൺ മസ്ക് ആവർത്തിച്ചു പറഞ്ഞിരുന്നു.
ഇന്ത്യയിലെ ജനങ്ങളെ വോട്ട് ചെയ്യാൻ പ്രേരിപ്പിക്കുന്നതിനുവേണ്ടിയാണ് തുക ചെലവിട്ടിരുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി- ട്രംപ് കൂടിക്കാഴ്‌ച നടന്ന് ദിവസങ്ങൾക്കുശേഷമാണ് പ്രഖ്യാപനം. പ്രതിരോധത്തിലുൾപ്പെടെ വിവിധ മേഖലകളിൽ ഇന്ത്യ- യു.എസ് ബന്ധം ശക്തിപ്പെടുത്താൻ തീരുമാനിച്ചിരുന്നു. മസ്കുമായും മോദി കൂടിക്കാഴ്ച നടത്തിയിരുന്നു. പിന്നീട് നടത്തിയ സംയുക്ത പ്രസ്താവനകളിലോ പത്രസമ്മേളനത്തിലോ ഫണ്ട് റദ്ദാക്കുന്നതിനെക്കുറിച്ച് പരാമർശിച്ചിരുന്നില്ല. ബംഗ്ലാദേശിന്റെ രാഷ്ട്രീയ ഭൂപ്രകൃതി ശക്തിപ്പെടുത്തുന്നതിനായി ലക്ഷ്യമിട്ടുള്ള 29 മില്യൺ ഡോളറിന്റെ സംരംഭവും വെട്ടിക്കുറയ്ക്കും.
വിമർശിച്ച് മാളവ്യ
അതേസമയം, ഫണ്ട് നിറുത്തലാക്കിയതിൽ വിമർശനവുമായി ബി.ജെ.പിയുടെ സമൂഹമാദ്ധ്യമ വിഭാഗം തലവൻ അമിത് മാളവ്യ രംഗത്തെത്തി. വോട്ടു ചെയ്യാൻ ഇന്ത്യയിലെ ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് 21 മില്യൺ യു.എസ് ഡോളറോ? ഇതു ഇന്ത്യയുടെ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ പുറത്തുനിന്നുള്ള സ്വാധീനമാണ്. ഇതിൽനിന്ന് നേട്ടം കൊയ്യുന്നതാരാണ്. ഭരിക്കുന്ന പാർട്ടിയല്ലെന്ന് ഉറപ്പാണെന്നും മാളവ്യ എക്സിൽ കുറിച്ചു.