'ഒന്നും പേടിക്കേണ്ട ഞാൻ ഓടിച്ചോളാം'; കെഎസ്‌ആർടിസി ബസ് കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ച യുവാവ് പിടിയിൽ
Monday 17 February 2025 11:15 AM IST
പത്തനംതിട്ട: തിരുവല്ല കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിൽ നിന്ന് ബസ് കടത്തിക്കൊണ്ടുപോകാൻ ശ്രമം. സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ആഞ്ഞിലിത്താനം വീട്ടിൽ ജെബിൻ ആണ് പൊലീസിന്റെ പിടിയിലായത്. ഇന്നലെ രാത്രിയായിരുന്നു സംഭവം.
ഇയാൾ മദ്യലഹരിയിലായിരുന്നു. നിർത്തിയിട്ടിരുന്ന മല്ലപ്പള്ളി റൂട്ടിലോടുന്ന ബസിൽ കയറി, ബസ് മുന്നോട്ടെടുത്തു. തുടർന്ന് കെ എസ് ആർ ടി സി ജീവനക്കാരും മറ്റും ചേർന്ന് പിടിച്ചിറക്കുകയായിരുന്നു. പൊലീസിൽ വിവരമറിയിച്ചു.
സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഡ്രൈവർ സീറ്റിൽ നിന്ന് ഇറക്കാൻ ശ്രമിക്കുമ്പോൾ 'ഒന്നും പേടിക്കേണ്ട ഞാൻ ഓടിച്ചോളാം' എന്നൊക്കെ ഇയാൾ പറയുന്നുണ്ട്. ബസ് കടത്തിക്കൊണ്ടുപ്പോകാൻ ശ്രമിച്ചതിന് കേസെടുത്തിട്ടുണ്ടെന്നും പ്രതിയെ റിമാൻഡ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു.