ചേട്ടൻ ഐഎഎസ് കിട്ടിനിൽക്കുമ്പോൾ അനിയൻ ഹോട്ടലിൽ ബിൽ കൊടുക്കാൻ കഴിയാതെ മുഴുപ്പട്ടിണിയിൽ ; സുരേഷ് കുമാറിന്റെ ജീവിതം

Monday 17 February 2025 3:39 PM IST

നിർമ്മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും സിനിമാ താരങ്ങളും തമ്മിലുള്ള പ്രതിഫലത്തർക്കത്തിലാണ് തുടങ്ങിയതെങ്കിലും ഈ വിഷയം വലിയ വിവാദത്തിലേക്ക് കടന്നത് ആന്റണി പെരുമ്പാവൂർ- ജി. സുരേഷ് കുമാർ വാദപ്രതിവാദത്തിലാണ്. ഇരുവരും തമ്മിലുള്ള വ്യക്തിപരമായ ഉരസലിലേക്ക് വിവാദം വലുതായി. മോഹൻലാൽ ആന്റണിയെ പിന്തുണച്ചെത്തിയത് വലിയ വേദനയുണ്ടാക്കിയെങ്കിലും താൻ പറഞ്ഞതിൽ നിന്ന് പിന്നോട്ടില്ലെന്ന് സുരേഷ് കുമാർ വ്യക്തമാക്കി.

1978ൽ ആണ് സുരേഷ് കുമാർ സിനിമയിലേക്ക് എത്തിയത്. സുരേഷ് കുമാറിനൊപ്പം തന്നെയായിരുന്നു സാക്ഷാൽ മോഹൻലാലിന്റെയും പ്രിയദർശന്റെയും തുടക്കവും. ലാലും സുരേഷും തിരുവനന്തപുരം മോഡൽ സ്കൂളിൽ ഒരേ ക്ളാസിലാണ് പഠിച്ചത്. ബി.കോം ഫസ്‌റ്റ് ഇയർ പഠിക്കുമ്പോൾ തന്നെ മോഹൻലാലിനെ ഉൾപ്പെടുത്തി സിനിമ എടുത്തു. 50000 രൂപയായിരുന്നു ബഡ്‌ജറ്റ്. ലൊക്കേഷൻ ലാലിന്റെ വീടും. എന്നാൽ സിനിമ ആറ്റിങ്ങൽ ഭാഗത്ത് ഒരു തിയേറ്ററിൽ മാത്രമാണ് റിലീസ് ചെയ‌്‌തത്.

പിന്നീട് മദ്രാസിലേക്ക് അടുത്ത സിനിമാ മോഹവുമായി വണ്ടി കയറി. ട്രെയിനിൽ ജനറൽ കമ്പാർട്ടുമെന്റിലായിരുന്നു യാത്ര. പ്രൊഡ്യൂസർ ഇത്തവണ സുരേഷ് കുമാർ തന്നെയായിരുന്നു. പണം മുടക്കാമെന്ന് ഏറ്റയാൾ പറ്റിച്ചതോടെ സിനിമാ മോഹം പൊലിഞ്ഞു. നാട്ടിൽ പലരിൽ നിന്നായി കാശ് കടം വാങ്ങിയ സുരേഷ് കുമാർ തിരികെ വരാൻ കഴിയാത്ത അവസ്ഥയിലായി. താമസിച്ചിരുന്ന സ്വാമീസ് ലോഡ്‌ജിൽ ഭക്ഷണത്തിന് പോലും വഴിയില്ലാതെ വന്നു.

ഒടുവിൽ ഒരു ബന്ധുവഴിയാണ് ലോഡ്‌ജിലെ പണം മുഴുവൻ അടച്ച് സുരേഷിനെ നാട്ടിലേക്ക് വണ്ടി കയറ്റിവിട്ടത്. ജ്യേഷ‌്‌ഠൻ മോഹൻ കുമാറിന് ഐഎഎസ് സെലക്ഷൻ ലഭിച്ച സമയമായിരുന്നു. ഒടുവിൽ അച്ഛൻ നൽകിയ ധൈര്യമാണ് സുരേഷിനെ മുന്നോട്ട് നയിച്ചത്. തുടർന്ന് തേനും വയമ്പും, കൂലി എന്നീ ചിത്രങ്ങൾ നിർമ്മിച്ചു. രണ്ടും പരാജയമായിരുന്നു. പിന്നീടാണ് പൂച്ചക്കൊരു മൂക്കുത്തി എടുത്തത്. ചിത്രം വൻ വിജയമായി. അവിടുന്നങ്ങോട്ട് നിരവധി ഹിറ്റ് ചിത്രങ്ങളാണ് സുരേഷ് കുമാർ നിർമ്മിച്ചത്.