ഓട്ടോ മറിഞ്ഞ് പത്താംക്ളാസ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Tuesday 18 February 2025 1:17 AM IST

ഫോർട്ടുകൊച്ചി: മാന്ത്രപാലത്തിന് സമീപം ഓട്ടോറിക്ഷ മറിഞ്ഞ് ഓട്ടോയാത്രക്കാരി​യായ പത്താംക്ളാസ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. വെളി ധർമശാല റോഡിൽ മുരളിനിവാസിൽ ജയറാം ബാബുവിന്റെ മകൾ ദർശനയാണ് (15) മരിച്ചത്. ഇന്നലെ രാവിലെ പത്തോടെയാണ് അപകടം. ബസിന് സൈഡ് കൊടുത്തപ്പോൾ നിയന്ത്രണം വിട്ട് ഓട്ടോറിക്ഷ മറിയുകയായിരുന്നു. ഫോർട്ടുകൊച്ചി വെളിയിൽനിന്ന് ചുള്ളിക്കലിലെ ട്യൂഷൻ സെന്ററിലേക്ക് പോകാനായി ഓട്ടോയിൽ കയറിയ കുട്ടി ഏതാനും മീറ്ററുകൾ സഞ്ചരിച്ചപ്പോഴേക്കും അപകടത്തിൽപ്പെടുകയായി​രുന്നു.

തലയ്ക്ക് പരിക്കേറ്റ കുട്ടിയെ ഉടനെ അതേ ഓട്ടോയിൽ പനയപ്പിള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷി​ക്കാനായി​ല്ല. പള്ളുരുത്തി സെന്റ് അലോഷ്യസ് സ്‌കൂളിലെ പത്താംക്‌ളാസ് വിദ്യാർത്ഥിനിയാണ് ദർശന.

സംസ്കാരം ഇന്ന് 11ന് വെളി ശ്മശാനത്തിൽ. മാതാവ്: ജെൻസി, സഹോദരി: രേവതി.

ഓട്ടോറിക്ഷയും ഡ്രൈവർ കലിസ്റ്റൻ റിബല്ലോയേയും (62) പൊലീസ് കസ്റ്റഡിയിലെടുത്തു.