മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായി ഗ്യാനേഷ് കുമാറിന്റെ നിയമനം , വിയോജിപ്പറിയിച്ച് രാഹുൽ ഗാന്ധി
ന്യൂഡൽഹി ; മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറെ തീരുമാനിക്കാനുള്ള പ്രധാനമന്ത്രി അദ്ധ്യക്ഷനായ സമിതിയുടെ യോഗത്തിൽ വിയോജിപ്പറിയിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. നിലവിലെ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാർ നാളെ വിരമിക്കുന്ന പശ്ചാത്തലത്തിലാണ് സമിതി യോഗം ചേർന്നത്. സുപ്രിംകോടതി നിലപാട് അറിഞ്ഞ ശേഷം മാത്രമേ പുതിയ തിരഞ്ഞെടുപ്പ് കമ്മിഷണറുടെ കാര്യത്തിൽ തീരുമാനമെടുക്കാവൂ എന്ന് രാഹുൽ ഗാന്ധി പറഞ്ഞു. രാജീവ് കുമാറിന് ശേഷം ഏറ്റവും മുതിർന്ന തിരഞ്ഞെടുപ്പ് കമ്മിഷണറായ ഗ്യാനേഷ് കുമാറിന്റെ പേരിനാണ് കേന്ദ്ര സർക്കാർ മുൻഗണന നൽകുന്നത്. പുതിയ ഒരു തിരഞ്ഞെടുപ്പ് കമ്മിഷണറെ നിയമിക്കാനും സാദ്ധ്യതയുണ്ട്.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറെ തിരഞ്ഞെടുക്കുന്നതിൽ നിന്ന് സുപ്രിംകോടതി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിയതിനെതിരെയുള്ള പൊതുതാത്പര്യ ഹർജി സുപ്രീംകോടതി മറ്റന്നാൾ പരിഗണിക്കാനിരിക്കുകയാണ്. ഈ സാഹചര്യത്തിൽ പുതിയ കമ്മിഷണറെ കണ്ടെത്താനുള്ള യോഗം മാറ്റിവയ്ക്കണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.. തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിയന്ത്രണം സർക്കാർ ആഗ്രഹിക്കുന്നുവെന്നും അതിന്റെ വിശ്വാസ്യതയെകുറിച്ച് ബി.ജെ.പിക്ക് ആശങ്കയില്ലെന്നും കോൺഗ്രസ് ആരോപിച്ചു.
ഈ വർഷം അവസാനം നടക്കാനിരിക്കുന്ന ബിഹാർ തിരഞ്ഞെടുപ്പിനും അടുത്ത വർഷം നടക്കുന്ന ബംഗാൾ, തമിഴ്നാട്, കേരളം, അസം എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനും പുതുതായി ചുമതലയേൽക്കുന്ന മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറാണ് നേതൃത്വം നൽകേണ്ടത്.