ഖത്തർ അമീർ ഡൽഹിയിൽ, മോദിയുമായി ഇന്ന് കൂടിക്കാഴ്‌ച

Tuesday 18 February 2025 4:29 AM IST

ന്യൂഡൽഹി: രണ്ടു ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനായി ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി ഡൽഹിയിലെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രോട്ടോക്കോൾ മാറ്റിവച്ച് വൈകിട്ട് അദ്ദേഹത്തെ ന്യൂ‌‌ഡൽഹി വിമാനത്താവളത്തിൽ സ്വീകരിച്ചു.

ഇന്നു രാവിലെ രാഷ്ട്രപതി ഭവനിൽ അമീറിന് ആചാരപരമായ സ്വീകരണം നൽകും. തുടർന്ന് ഹൈദരാബാദ് ഹൗസിൽ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച. ധാരണാപത്രങ്ങളിൽ ഒപ്പിടും. രാഷ്‌ട്രപതി ദ്രൗപദി മുർമുവിനെയും അമീർ കാണും. മന്ത്രിമാർ, മുതിർന്ന ഉദ്യോഗസ്ഥർ, ബിസിനസ് പ്രമുഖർ ഉൾപ്പെടെ ഉന്നതതല പ്രതിനിധി സംഘവും അമീറിനെ അനുഗമിക്കുന്നുണ്ട്. ഖത്തർ അമീറിന്റെ രണ്ടാമത്തെ ഇന്ത്യാ സന്ദർശനമാണിത്. 2015 മാർച്ചിലും അദ്ദേഹം ഇന്ത്യയിലെത്തിയിരുന്നു.

''സഹോദരൻ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയെ സ്വാഗതം ചെയ്യാൻ വിമാനത്താവളത്തിൽ പോയി. അദ്ദേഹത്തിന് ഇന്ത്യയിലെ ഫലപ്രദമായ താമസം ആശംസിക്കുന്നു. ഇന്നത്തെ കൂടിക്കാഴ്ചയ്ക്കായി കാത്തിരിക്കുന്നു

-പ്രധാനമന്ത്രി നരേന്ദ്ര മോദി

(എക്‌സിൽ കുറിച്ചത്)