ആശാ പ്രവർത്തകരുടെ സമരം തീർക്കണം

Tuesday 18 February 2025 2:08 AM IST

കുറഞ്ഞ വേതനവും ചെറിയ ജോലിയുമാണെങ്കിലും ആരോഗ്യമേഖലയ്ക്ക് ആശാ പ്രവർത്തകർ നൽകുന്ന സേവനം വളരെ വലുതാണ്. വീടുവീടാന്തരം കയറിയിറങ്ങി ജനങ്ങളെ ആരോഗ്യ വിഷയങ്ങളിൽ ബോധവാന്മാരാക്കുകയും സർക്കാരിന്റെ ചികിത്സാ പദ്ധതികളെക്കുറിച്ച് അറിയിക്കുകയും മറ്റും ചെയ്യുന്ന ജോലിയാണ് അവർ നിർവഹിക്കുന്നത്. പല രോഗങ്ങളുടെയും വ്യാപനത്തെക്കുറിച്ച് ആരോഗ്യവകുപ്പിന് മുന്നറിയിപ്പ് നൽകുന്നതും ഇവർ ശേഖരിക്കുന്ന ഡേറ്റകളാണ്. സംസ്ഥാനത്ത് മുപ്പതിനായിരത്തിലേറെ ആശാ പ്രവർത്തകരാണുള്ളത്. ഇതൊരു സ്ഥിരം ജോലിയല്ല. മറ്റ് സംസ്ഥാനങ്ങളിലേക്കാൾ ഉയർന്ന ഇൻസെന്റീവ് ഇവർക്ക് നൽകുന്നു എന്നു പറയുമ്പോഴും,​ 7000 രൂപ ഓണറേറിയവും ഇൻസെന്റീവും കൂടി പരമാവധി 13,​200 രൂപയാണ് പ്രതിമാസം ലഭിക്കുന്നത്.

നാട്ടിലെ വിലക്കയറ്റവും വർദ്ധിച്ച ജീവിത ചെലവുകളും കണക്കാക്കുമ്പോൾ ഇതൊരു വലിയ തുകയേ അല്ല. മറ്റ് മാർഗങ്ങളൊന്നുമില്ലാത്തവരാണ് ഈ തൊഴിലിൽ ഏർപ്പെടുന്നത്. മാസാമാസം ലഭിക്കുന്ന ഈ തുകയിൽ ഒതുങ്ങിനിന്ന് വീട് പുലർത്താൻ ശ്രമിക്കുന്ന വിഭാഗക്കാരാണ് ഇവർ. ഇവർക്ക് കഴിഞ്ഞ മൂന്നു മാസത്തെ കുടിശ്ശികയാണ്. ഓണറേറിയം വർദ്ധിപ്പിക്കുക, കുടിശ്ശിക നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിനു മുന്നിൽ ഒരാഴ്ചയിലേറെയായി രാപകൽ സമരം നടത്തുകയാണിവർ. ചെറിയ പ്രതിഫലമാണെങ്കിലും യഥാസമയം ലഭിച്ചുകൊണ്ടിരുന്നാൽ ആരും സമരത്തിനൊന്നും ഇക്കാലത്ത് ഇറങ്ങിപ്പുറപ്പെടാറില്ല. അതിനാൽ സർക്കാർ അവരെ ബോധവത്‌കരിക്കുകയും ഉപദേശിക്കുകയും ചെയ്യുന്നതിനു മുമ്പ് അവരുടെ കുടിശ്ശിക നൽകാനാണ് നടപടിയെടുക്കേണ്ടത്.

കേന്ദ്രത്തിൽ നിന്ന് ഒരു പണവും ലഭിക്കാത്തതുകൊണ്ടാണ് ഇവർക്ക് വേതനം നൽകാൻ കഴിയാത്തതെന്നാണ് വിശദീകരണം. ആരോഗ്യ മേഖലയിൽ മാത്രം കേന്ദ്രത്തിൽ നിന്ന് ആയിരത്തിലധികം കോടി രൂപ കിട്ടാനുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ വക്താക്കൾ പറയുന്നത്. ഇത് എന്തുകൊണ്ട് കിട്ടാതിരിക്കുന്നു എന്നുകൂടി വ്യക്തമാക്കേണ്ടതുണ്ട്. മന:പൂർവം കേന്ദ്രം തരാതിരിക്കുന്നതാണോ,​ അതോ ലഭിച്ച പണത്തിന്റെ ചെലവാക്കിയ കണക്കും പൂർത്തിയാക്കിയ ആരോഗ്യ പദ്ധതിയുടെ വിവരങ്ങളും കൃത്യമായി സമർപ്പിക്കാത്തതിനാലാണോ പണം ലഭിക്കാത്തതെന്ന് ജനങ്ങൾ അറിയേണ്ടതാണ്. ആശാ പ്രവർത്തകരുടെയും സ്‌കൂളുകളിലെ പാചക തൊഴിലാളികളുടെയുമൊക്കെ പ്രതിഫലം മുടങ്ങാതെ നോക്കാനുള്ള കടമ സർക്കാരിനുണ്ട്. ഈ ചെറിയ വരുമാനത്തിൽ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നവർ അതു മുടങ്ങുമ്പോൾ നാട്ടിലെ പലിശക്കാരുടെ കെണിയിലാവും വീഴുക. പിന്നീട് അതിൽ നിന്ന് കരകയറുക എളുപ്പമല്ല.

അതിനാൽ ഇത്തരം ചെറിയ വരുമാനക്കാരുടെ പ്രതിഫലം മുടങ്ങില്ലെന്ന് സർക്കാർ ഉറപ്പാക്കണം. അതിനുള്ള ആസൂത്രണത്തിന്റെ അഭാവമാണ് പണലഭ്യതയേക്കാൾ ഇത് മുടങ്ങാൻ ഇടയാക്കുന്നത്. ആരോഗ്യമേഖലയിലെ ഈ മുന്നണിപ്പോരാളികളുടെ രാപകൽ സമരം ഇനിയും നീട്ടിക്കൊണ്ടുപോകാതെ അവസാനിപ്പിക്കാനുള്ള ചർച്ചയ്ക്കും നടപടികൾക്കും സർക്കാർ അടിയന്തര പ്രാധാന്യത്തോടെ തയ്യാറാകണം. പലതരം പകർച്ചവ്യാധികൾ വ്യാപിക്കുന്ന ഈ ഘട്ടത്തിൽ ഇവരുടെ സേവനം ഇല്ലാതാകുന്നത് നല്ലതല്ല. ലക്ഷങ്ങൾ ശമ്പളം വാങ്ങുന്ന സർക്കാർ ജീവനക്കാർക്ക് സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ ഇതുവരെ വേതനം ലഭിക്കാതിരുന്നിട്ടില്ല. സാമ്പത്തിക പ്രതിസന്ധി എന്ന ഒരു കാരണം പറഞ്ഞ് ഇതുപോലുള്ള താഴ്‌ന്ന വരുമാനക്കാരുടെ അന്നം മുട്ടിക്കുന്നത് ശരിയായ രീതിയല്ല.