ടെക്‌നോപാർക്കിൽ മയക്കുമരുന്ന് കച്ചവടം നടത്തുന്ന യുവ സോഫ്‌റ്റ്‌വെയർ എഞ്ചിനീയർ പിടിയിൽ

Tuesday 18 February 2025 3:58 PM IST

തിരുവനന്തപുരം: തിരുവനന്തപുരം ടെക്‌നോപാർക്കിനുള്ളിൽ മയക്കുമരുന്ന് കച്ചവടം നടത്തിവന്ന യുവ സോഫ്‌റ്റ്‌വെയർ എഞ്ചിനീയർ പിടിയിൽ. പാർക്കിലെ പ്രമുഖ കമ്പനിയിലെ ഡാറ്റ എഞ്ചിനീയർ മിഥുൻ മുരളിയാണ് പിടിയിലായത്. 32 ഗ്രാം എംഡിഎംഎ ഇയാളിൽ നിന്നും പിടിച്ചെടുത്തു.

ടെക്‌നോപാർക്കിലെ ഐടി പ്രൊഫഷണലുകൾക്ക് മാത്രണ് ഇയാൾ മയക്കുമരുന്ന് വിതരണം ചെയ്യുന്നത്. പുറത്തുള്ള ആവശ്യക്കാർക്ക് കൊടുക്കാത്തതുകൊണ്ടുതന്നെ ഇയാളെ പിടികൂടുന്നതിന് എക്‌സൈസിന് കഴിഞ്ഞിരുന്നില്ല. എന്നാൽ അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലുമായിരുന്നു മിഥുൻ മുരളി.

ടെക്‌നോപാർക്കിനടുത്ത് വീട് വാടകയ‌്ക്കെടുത്താണ് പ്രതി മയക്കുമരുന്ന് കച്ചവടം നടത്തിയിരുന്നത്. മൺവിളയിൽ നിന്നാണ് പ്രതിയെ പിടിച്ചത്. 32 ഗ്രാം എംഡിഎംഎയ‌്ക്ക് പുറമെ75000 രൂപയും കഞ്ചാവ് പൊതികളും പിടിച്ചെടുത്തു. ബംഗളൂരുവിൽ നിന്നാണ് മിഥുൻ എംഡിഎംഎ തിരുവനന്തപുരത്ത് എത്തിച്ചിരുന്നത്.