പ്രവേശന യോഗ്യതയിൽ ഇളവു വേണ്ട

Wednesday 19 February 2025 3:22 AM IST

ഉന്നത വിദ്യാഭ്യാസ മേഖലയിൽ കർക്കശ ഗുണനിലവാരം ഉറപ്പാക്കുന്നതിനു വേണ്ടിയാണ് നിയമങ്ങളും ചട്ടങ്ങളുമൊക്കെ വ്യവസ്ഥ ചെയ്തിരിക്കുന്നത്. രാഷ്ട്രീയ താത്‌പര്യങ്ങൾക്കനുസൃതമായി ഇത്തരം ചട്ടങ്ങളിൽ ഇളവ് അനുവദിക്കാറില്ല. എന്നാൽ നമ്മുടെ സംസ്ഥാനത്ത് അടുത്തകാലത്തായി സർവകലാശാലകൾ തികച്ചും പക്ഷപാതപരമായി,​ യു.ജി.സി നിബന്ധനകൾക്കു വിരുദ്ധമായി നീങ്ങുന്ന സംഭവങ്ങൾ ഏറിവരികയാണ്. സിൻഡിക്കേറ്റിലും സെനറ്റിലും അക്കാഡമിക് കൗൺസിലിലും മറ്റും അംഗത്വം നേടുന്നവർ രാഷ്ട്രീയ കക്ഷികളോട് ആഭിമുഖ്യമുള്ളവരാകും. സമിതികളിൽ ഭൂരിപക്ഷവുമുണ്ടാകും. ഈ ബലത്തിലാണ് ഏതു ചട്ടവും മറികടന്ന് തങ്ങളുടെ ഇച്ഛാനുസരണം കാര്യങ്ങൾ നടത്താൻ അവർ തയ്യാറാവുന്നത്. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കേരള സർവകലാശാലയുടെ അക്കാഡമിക് കൗൺസിലിൽ പാസാക്കാനുദ്ദേശിച്ച് കൊണ്ടുവന്ന പിഎച്ച്.ഡി പ്രവേശനവുമായി ബന്ധപ്പെട്ട വിവാദ വിഷയം.

സർക്കാർ ഉദ്യോഗസ്ഥന്മാർക്ക് 'നെറ്റും" പ്രവേശന പരീക്ഷായോഗ്യതയും ഇല്ലെങ്കിലും പിഎച്ച്.ഡിക്ക് പ്രവേശനം നൽകാനുള്ള നീക്കമാണ് വൈസ് ചാൻസലറുടെ ശക്തമായ എതിർപ്പിനു മുന്നിൽ പരാജയപ്പെട്ടത്. യു.ജി.സി മാനദണ്ഡങ്ങൾക്കു വിരുദ്ധമാണ് ഇത്തരം നീക്കമെന്ന് വ്യക്തമായും അറിയാമായിരുന്നിട്ടും അക്കാഡമിക് കൗൺസിലിനെക്കൊണ്ട് അതിന് അംഗീകാരം തരപ്പെടുത്താനുള്ള ശ്രമമാണ് ഭരണപക്ഷക്കാരായ അംഗങ്ങളിൽ നിന്നുണ്ടായത്. അൺ എയ്‌ഡഡ് കോളേജുകളിൽ ഏഴുവർഷത്തെ സർവീസുള്ള അദ്ധ്യാപകർക്കും നെറ്റും എൻട്രൻസുമില്ലാതെ ഗവേഷണ പഠനത്തിന് അവസരമൊരുക്കാനുള്ള നീക്കവും വി.സിയുടെ എതിർപ്പിനെത്തുടർന്ന് പരാജയപ്പെടുകയായിരുന്നു.

സർക്കാർ, എയ്‌ഡഡ് കോളേജുകളിലെ ഏഴുവർഷം സർവീസുള്ള അദ്ധ്യാപകർക്ക് നിലവിൽ നെറ്റും എൻട്രൻസും ഇല്ലെങ്കിലും പിഎച്ച്.ഡിക്ക് പ്രവേശനം നൽകാറുണ്ട്. ശാസ്ത്രസ്ഥാപനങ്ങളിൽ ജോലിയെടുക്കുന്നവർക്കും ഈ ആനുകൂല്യം നൽകുന്നുണ്ട്. അത് അൺ എയ്‌ഡഡ് മേഖലയിലും ബാധകമാക്കണമെന്ന തല്പര കക്ഷികളുടെ ആവശ്യമാണ് നടക്കാതെ പോയത്. ഗവേഷണത്തിന് വിദ്യാർത്ഥികളായി നിശ്ചിത യോഗ്യതയുള്ളവരെ മാത്രം തിരഞ്ഞെടുക്കണമെന്ന് യു.ജി.സി നിഷ്‌കർഷിക്കുന്നത് ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഗുണനിലവാരം ഉറപ്പുവരുത്താൻ ഉദ്ദേശിച്ചാണ്. യു.ജി.സി മാനദണ്ഡങ്ങളിൽ സർവകലാശാലകൾക്ക് തോന്നുംപടി വെള്ളം ചേർക്കാനാവില്ല. ഉന്നത ബിരുദങ്ങൾ,​ പിഎച്ച്.ഡി പ്രവേശനം യഥേഷ്ടം നൽകാനുള്ള കവാടമാകരുത്. ഇപ്പോൾത്തന്നെ ഇവിടെ ഗവേഷണം പൂർത്തിയാക്കി പുറത്തുവരുന്ന പലരുടെ കാര്യത്തിലും വലിയ മതിപ്പൊന്നുമില്ലെന്നത് പാട്ടാണ്. അടിസ്ഥാന യോഗ്യത പോലും വേണ്ടെന്നുവച്ച് പി.ജി ബിരുദമുള്ളവരെ മുഴുവൻ പിഎച്ച്.ഡിക്കാരാക്കാനുള്ള നീക്കമാണ് വി.സിയുടെ ഇടപെടലിനെത്തുടർന്ന് ചീറ്റിപ്പോയത്.

അക്കാഡമിക് കൗൺസിലിൽ യു.ജി.സിയുടെ കരടു ചട്ടങ്ങൾക്കെതിരെ കൊണ്ടുവന്ന പ്രമേയത്തിനും വി.സി അവതരണാനുമതി നിഷേധിക്കുകയുണ്ടായി. കരടു ചട്ടങ്ങളിൽ പതിനൊന്നാം വകുപ്പ് ഭരണഘടനാ വിരുദ്ധമായതിനാൽ റദ്ദാക്കണമെന്ന ആവശ്യമാണ് പ്രമേയത്തിൽ ഉൾപ്പെടുത്തിയിരുന്നത്. സർവകലാശാലാ ചട്ടങ്ങൾക്കു തന്നെ പ്രമേയം എതിരായതിനാൽ അവതരിപ്പിക്കാനാവില്ലെന്ന് വി.സി നിലപാട് എടുത്തതോടെ കൗൺസിൽ യോഗം ബഹളത്തിൽ മുങ്ങി. ഗോഗ്വാ വിളിയും വാക്കൗട്ടുമൊക്കെ പതിവുപോലെ അരങ്ങേറി. സർവകലാശാലാ സമിതികൾ ഉന്നത വിദ്യാഭ്യാസ മേഖലയുടെ വളർച്ചയ്ക്കു വേണ്ടി രൂപീകരിക്കപ്പെട്ടവയാണ്. അവിടെ നടക്കുന്ന യോഗങ്ങൾ സ്ഥിരം കലഹവേദികളാകുന്ന പ്രവണതയാണ് കാണാനാവുന്നത്. രാഷ്ട്രീയ ഏറ്റുമുട്ടലുകൾക്ക് വേദികൾ വേറെ പലതുമുള്ളപ്പോൾ സർവകലാശാലാ സമിതികൾ കടമകൾ മറന്ന് പെരുമാറുന്നത് അംഗീകരിക്കാനാവില്ല.