കാര്യവട്ടം ഗവ.കോളേജിലെ റാഗിംഗ്: 7 വിദ്യാർത്ഥികൾക്ക് സ‌സ്‌പെൻഷൻ

Wednesday 19 February 2025 3:54 AM IST

കഴക്കൂട്ടം: കാര്യവട്ടം ഗവ.കോളേജിൽ റാഗിംഗ് നടന്നതായുള്ള ആന്റി റാഗിംഗ് സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഏഴ് വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്തു. ഇവർക്കെതിരെ കഴക്കൂട്ടം പൊലീസ് കേസെടുത്തു. സീനിയർ വിദ്യാർത്ഥികളായ വേലു, പ്രിൻസ്, അനന്തൻ, പാർത്ഥൻ, അലൻ, ശ്രാവൺ, സൽമാൻ എന്നിവർക്കെതിരെയാണ് നടപടി.

റാഗിംഗിന് ഇരയായ ബയോടെക്നോളജി ഒന്നാം വർഷ വിദ്യാർത്ഥികളായ ബിൻസ് ജോസ്,അഭിക്ഷേക് എന്നിവരെയും ഇവരുടെ രക്ഷിതാക്കളെയും കഴക്കൂട്ടം പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി മൊഴിയെടുത്തു.

ബിൻസ് ജോസും അഭിഷേകും സീനിയർ വിദ്യാർത്ഥികൾ മർദ്ദിച്ചതായി കാട്ടി പ്രിൻസിപ്പലിനും കഴക്കൂട്ടം പൊലീസിലും പരാതി നൽകിയിരുന്നു. തുടർന്ന് അന്വേഷണം നടത്തിയ ആന്റി റാഗിംഗ് കമ്മിറ്റി, റാഗിംഗ് നടന്നതായി സ്ഥിരീകരിച്ചിരുന്നു.

പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്

കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്‌ കഴക്കൂട്ടം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോളേജ് കവാടത്തിന് മുന്നിൽ പ്രതിഷേധിച്ചു.ജില്ലാ പ്രസിഡന്റ്‌ നേമം ഷജീർ ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ്‌ അഭിജിത്ത് വിജയൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അനീഷ് ചെമ്പഴന്തി, ഡി.സി.സി സെക്രട്ടറി എം.എസ്.അനിൽ എന്നിവർ സംസാരിച്ചു. പിന്നാലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കോളേജ് കവാടത്തിലെ മതിൽ ചാടിക്കയറി എസ്.എഫ്.ഐയുടെ കൊടികൾ അഴിച്ചുമാറ്റി യൂത്ത് കോൺഗ്രസ് കൊടികൾ കെട്ടി. ഉടൻ പൊലീസ് മുകളിൽ കയറി എല്ലാ കൊടികളും നീക്കംചെയ്തു.