സിദ്ധാർത്ഥനു ശേഷവും ഒന്നും പഠിക്കുന്നില്ല....
റാഗിംഗിന്റെ പേരിൽ പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥൻ സഹപാഠികളായ ഒരുപറ്റം വിദ്യാർത്ഥികളാൽ ക്രൂരമായി പീഡിപ്പിക്കപ്പെട്ടതിനെ തുടർന്ന് ജീവനൊടുക്കിയിട്ട് ഒരു വർഷം തികഞ്ഞപ്പോഴാണ് കോട്ടയം സർക്കാർ നഴ്സിംഗ് കോളേജിൽ നിന്ന് സമാനമായ റാഗിംഗിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറംലോകം അറിഞ്ഞത്. സിദ്ധാർത്ഥന്റെ മരണത്തിൽ ഞെട്ടിത്തരിച്ച കേരളീയ സമൂഹം ആ സംഭവത്തോടെ ക്രൂരമായ റാഗിംഗെന്ന പേരിൽ നടക്കുന്ന ഭേദ്യമുറ കലാലയങ്ങളിൽ നിന്ന് തത്ക്കാലത്തേക്കെങ്കിലും വിടപറഞ്ഞുവെന്ന് ആശ്വസിച്ചിരിക്കുമ്പോഴാണ് കോട്ടയത്തെ സംഭവം. സിദ്ധാർത്ഥനുണ്ടായ പീഡനാനുഭവം കേരളത്തിന് ഒരു പാഠവും പകർന്നു നൽകുന്നില്ലെന്നാണ് ഈ സംഭവം തെളിയിക്കുന്നത്. മനുഷ്യ മനഃസാക്ഷിയെ ഞെട്ടിക്കുന്ന പീഡനമുറകൾ തന്നെയാണ് കോട്ടയം സർക്കാർ നഴ്സിംഗ് കോളേജിലെ അഞ്ച് നഴ്സിംഗ് വിദ്യാർത്ഥികളും ജൂനിയർ വിദ്യാർത്ഥികളോട് നടത്തിയത്. പ്രതികളായ അഞ്ചു വിദ്യാർത്ഥികളും ഇപ്പോൾ റിമാൻഡിലാണ്. പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ മൃഗങ്ങളെ ചികിത്സിക്കുന്ന മൃഗഭിഷഗ്വരന്മാരാകാൻ പഠിച്ച, മൃഗങ്ങളെക്കാൾ നികൃഷ്ടജന്മങ്ങളായ കുറെ പേരാണ് ഒരു പാവം വിദ്യാർത്ഥിയെ മരണത്തിലേക്ക് തള്ളിവിട്ടതെങ്കിൽ കോട്ടയത്ത് രോഗികളെ സ്നേഹപൂർവം പരിചരിക്കുന്ന മാലാഖമാരാകാൻ പഠിക്കുന്നവരാണ് സഹപാഠികളോട് മൃഗങ്ങളെയും വെല്ലുന്ന ക്രൂരത കാട്ടിയത്. ഇവരൊക്കെ പഠിച്ചിറങ്ങി ഏതെങ്കിലും ആതുരാലയങ്ങളിൽ നഴ്സുമാരായി സേവനം അനുഷ്ഠിക്കേണ്ടി വന്നെങ്കിൽ ഇത്തരക്കാരിൽ നിന്ന് രോഗികൾക്ക് ലഭിക്കാതെ പോയ 'സാന്ത്വന'ത്തെക്കുറിച്ചോർത്ത് തത്ക്കാലം ആശ്വസിക്കാം. 'മനുഷ്യനാകണം' എന്ന് പാടിനടക്കുകയും 'സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം' എന്നൊക്കെ രോമാഞ്ചമുളവാക്കുന്ന മുദ്രാവാക്യങ്ങൾ ഉച്ചത്തിൽ മുഴക്കുകയും ചെയ്യുന്ന ഒരു പ്രസ്ഥാനത്തെ പ്രതിനിധീകരിക്കുന്നവരാണ് മനുഷ്യരല്ലാതാകുകയും പാവം വിദ്യാർത്ഥികളുടെ ജീവൻ പോലും കവർന്നെടുക്കുന്നതെന്നും അറിഞ്ഞ് മനഃസാക്ഷിയുള്ളവരെല്ലാം മനസ് മരവിച്ച് നിൽപ്പാണ്. കേരളത്തിലെ കലാലയങ്ങളിൽ അന്ധമായ രാഷ്ട്രീയത്തിന്റെ പേരിൽ നടക്കുന്ന ഹീനവും നികൃഷ്ടവുമായ പ്രവൃത്തികൾ അതിന്റെ പാരമ്യത്തിലെത്തിയതറിഞ്ഞ് വിറങ്ങലിച്ചു നിൽക്കുന്ന രക്ഷാകർത്തൃസമൂഹം. മക്കളെ കോളേജുകളിലേക്കും പ്രൊഫഷണൽ കോളേജുകളിൽ ഉന്നത പഠനത്തിനുമായി അയയ്ക്കുന്ന മാതാപിതാക്കളുടെ ചങ്കിൽ തീകോരിയിടുന്ന വേദനയാണ് സിദ്ധാർത്ഥൻ എന്ന സമർത്ഥനായ വിദ്യാർത്ഥിയുടെ ദാരുണമായ മരണവും ഇപ്പോൾ കോട്ടയത്തെ നഴ്സിംഗ് കോളേജ് സംഭവവും സമ്മാനിക്കുന്നത്. എന്ത് ധൈര്യത്തിലാണിനി മക്കളെ പഠനത്തിനായി അയയ്ക്കുന്നതെന്ന മാതാപിതാക്കളുടെ തേങ്ങൽ ഉടനൊന്നും അവസാനിക്കുമെന്ന് തോന്നുന്നില്ല.
നാസി തടവറകളെ വെല്ലുന്ന ക്രൂരത
മൂന്ന് ദിവസം ഭക്ഷണമോ വെള്ളമോ നൽകാതെ രാവും പകലും അതിക്രൂരമായി പീഡിപ്പിച്ചതാണ് സിദ്ധാർത്ഥന്റെ മരണത്തിലേക്ക് നയിച്ചത്. മനുഷ്യത്വത്തിനും പുരോഗമന സംസ്ക്കാരത്തിനും നിരക്കാത്ത തരത്തിൽ റാഗിംഗിന്റെ പേരിൽ നടത്തിയ കൊടുംക്രൂരതക്കെതിരെ വ്യാപക പ്രതിഷേധവും പ്രതിരോധവും ഉയർത്തിയ സംഭവമായിരുന്നു അത്. ക്യാമ്പസുകളിൽ നിലനിൽക്കുന്ന പെരുമാറ്റച്ചട്ടങ്ങളും റാഗിംഗിനെതിരായ നിയമങ്ങളെയുമെല്ലാം കാറ്റിൽ പറത്തിയ ആ സംഭവം ഇപ്പോൾ വീണ്ടും ചർച്ചയാകുന്നത് തന്നെ കേരളീയ സമൂഹം ലജ്ജിച്ച് തലതാഴ്ത്തേണ്ട സ്ഥിതിയാണ്. കോട്ടയം സർക്കാർ നഴ്സിംഗ് കോളേജിൽ ആറ് ജൂനിയർ വിദ്യാർത്ഥികൾക്ക് അഞ്ച് മൂന്നാം വർഷ വിദ്യാർത്ഥികളിൽ നിന്ന് നേരിടേണ്ടി വന്ന ക്രൂരതകൾ സമാനതകളില്ലാത്തതായിരുന്നുവെന്നാണ് ഓരോ ദിവസവും പുറത്തുവരുന്ന വിവരങ്ങൾ. നാസി തടവറകളിൽ മാത്രം നടന്നുവെന്ന് കരുതുന്ന ഇത്തരം ക്രൂരമായ പീഡനമുറകൾ പുരോഗമന സമൂഹമെന്നും പരിഷ്കൃത സമൂഹമെന്നും മേനി നടിക്കുന്ന കേരളീയ സമൂഹത്തിലാണെന്നതാണ് ഏറെ വിചിത്രം. കഴുത്തിൽ കത്തിവച്ച് ഭീഷണിയുടെ മുൾമുനയിൽ നിറുത്തി മദ്യപിക്കാനും മയക്കുമരുന്ന് വാങ്ങാനും പണം പിടുങ്ങുകയായിരുന്നു നഴ്സിംഗ് കോളേജ് ഹോസ്റ്റലിലെ ഇടത് വിദ്യാർത്ഥി നേതാക്കൾ. നഗ്നരാക്കി സ്വകാര്യഭാഗത്ത് വലിയഭാരം കെട്ടിത്തൂക്കുക, കട്ടിലിൽ കൈയ്യും കാലും കെട്ടിയിട്ട് പൊതിരെ മർദ്ദിക്കുക, ദേഹത്ത് കോമ്പസുകൊണ്ട് കുത്തിയും വരഞ്ഞും മുറിവേൽപ്പിച്ച് ലോഷൻ ഒഴിക്കുക, വേദനയാൽ പുളയുന്ന ഇരകളുടെ നിലവിളി അടക്കം വീഡിയോയിൽ പകർത്തി ആർത്തട്ടഹസിച്ച് ആസ്വദിക്കുക തുടങ്ങിയവയൊക്കെ നാസി മർദ്ദന മുറകളെപ്പോലും വെല്ലുന്നതായിരുന്നു. ഇതൊക്കെ ചെയ്യാൻ നേതൃത്വം കൊടുക്കുന്നത് കോളേജിലെ സംഘടനാ നേതാക്കൾ തന്നെ ആയതിനാൽ എതിർത്താൽ കോളേജിൽ തുടർന്ന് പഠിക്കാൻ അനുവദിക്കില്ലെന്ന ഭീഷണിയുണ്ടാകും. അതിനാൽ ഇരകളായ വിദ്യാർത്ഥികൾ സ്വന്തം വീട്ടുകാരിൽ നിന്ന് പോലും പീഡനവിവരം മറച്ചുവച്ചു. ഒടുവിൽ സഹിക്കാവുന്നതിലും അപ്പുറമായി തങ്ങൾക്കും സിദ്ധാർത്ഥന്റെ ഗതി വരുമോ എന്ന് ഭയന്ന ഘട്ടത്തിലാണ് വിദ്യാർത്ഥികൾ വീട്ടുകാരോട് വിവരം പറയുന്നത്. രക്ഷകർത്താക്കൾ കോളേജിലെത്തി പരാതി നൽകിയപ്പോഴാണ് മാസങ്ങളായി അരങ്ങേറുന്ന പീഡനമുറകൾ കോളേജ്, ഹോസ്റ്റൽ അധികൃതർ പോലും അറിയുന്നതത്രെ.
ഒന്നും അറിയാത്ത
സ്ഥാപന മേധാവികൾ
കോളേജിലും ഹോസ്റ്റലിലും വിദ്യാർത്ഥികൾക്ക് സീനിയർ വിദ്യാർത്ഥികളിൽ നിന്ന് ദുരനുഭവം ഉണ്ടാകാതിരിക്കാൻ വേണ്ടത്ര മുൻകരുതലുകളും ശ്രദ്ധയും എടുക്കേണ്ട അധികൃതർക്ക് പോലും കോളേജിലും ഹോസ്റ്റലിലും നടക്കുന്ന കാര്യങ്ങളെന്തൊക്കെയെന്ന് അറിയില്ലെങ്കിൽ ഇവരൊക്കെ പിന്നെ എന്തെടുക്കുന്നുവെന്നാണ് രക്ഷാകർത്താക്കളുടെ ചോദ്യം. പ്രിൻസിപ്പലും ഹോസ്റ്റലിന്റെ ചുമതലയുള്ള വാർഡനും ഉണ്ടെങ്കിലും ഇവരും നേതാക്കളായ സീനിയർ വിദ്യാർത്ഥികളുടെ ഭീഷണിത്തുമ്പിലാണെന്ന് വേണം കരുതാൻ. പൂക്കോട് വെറ്ററിനറി കോളേജിലും സമാനമായ രീതിയിലായിരുന്നു അധികൃതരുടെ നിലപാട്. കോളേജ് പ്രിൻസിപ്പലും ഹോസ്റ്റലിന്റെ ചുമതലയുള്ള വാർഡനും സിദ്ധാർത്ഥൻ മരിച്ച ശേഷമാണത്രെ അവിടെ നടന്ന പീഡന വിവരങ്ങൾ അറിഞ്ഞത്. സിദ്ധാർത്ഥന്റെ മരണത്തിൽ ഇവരെയും പ്രതികളാക്കണമെന്ന കുടുംബത്തിന്റെ ആവശ്യം നിരാകരിക്കപ്പെടുകയായിരുന്നു. അവരെയും പീഡന പ്രതികളെയും സംരക്ഷിക്കാനും രാഷ്ട്രീയ നേതൃത്വം മുന്നിട്ടിറങ്ങുമ്പോൾ കോട്ടയത്തെ സർക്കാർ നഴ്സിംഗ് കോളേജിലും ഇതുതന്നെ ആവർത്തിക്കുമെന്നുറപ്പാണ്. പ്രിൻസിപ്പലിനെയും വാർഡനെയും സസ്പെൻഡ് ചെയ്ത് കണ്ണിൽ പൊടിയിടാനുള്ള ശ്രമമാണ് ആവർത്തിക്കുന്നത്. സസ്പെൻഷൻ എന്നത് ഒരു ശിക്ഷയല്ലെന്നും കുറച്ചുകാലം കഴിയുമ്പോൾ കുടിശ്ശിക ശമ്പളവും മറ്റാനുകൂല്യങ്ങളും പ്രൊമോഷനും നേടി ഇവർ പഴയതിനെക്കാൾ ഊർജ്ജം നേടി മടങ്ങി വരുമെന്നത് ഇന്ന് ഏത് കൊച്ചുകുട്ടികൾക്ക് പോലും അറിവുള്ളതാണ്. പ്രതികളെ സംരക്ഷിക്കാനും ഭരണകക്ഷിയിൽ പെട്ടവർ ഇറങ്ങുമെന്നതാണ് കേരളത്തിൽ തുടർന്നു വരുന്ന കീഴ്വഴക്കം.
പ്രതികളെ രക്ഷിക്കാൻ
ശ്രമം തുടങ്ങിക്കഴിഞ്ഞു
പീഡനവീരന്മാരായ ഇടത് അനുകൂല സംഘടനാ നേതാക്കളെ രക്ഷിച്ചെടുക്കാനുള്ള തന്ത്രങ്ങൾ ഇപ്പോഴേ തുടങ്ങിയെന്നതിന്റെ തെളിവാണ് സംഭവത്തെക്കുറിച്ച് പൊലീസ് തയ്യാറാക്കിയ എഫ്.ഐ.ആറിൽ ബോധപൂർവം വരുത്തിയ പിഴവുകൾ. പ്രതികൾ തന്നെ പകർത്തിയ പീഡന ദൃശ്യങ്ങളുടെ വീഡിയോയിലുള്ള പ്രസക്തമായ തെളിവുകളൊന്നും ഉൾപ്പെടുത്താതെയാണ് എഫ്.ഐ.ആർ തയ്യാറാക്കിയത്. 2024 ഡിസംബർ 13 ന് രാത്രി നടന്ന പീഡനം എഫ്.ഐ.ആറിൽ 2014 ഡിസംബർ 13 നെന്ന് തെറ്റായി രേഖപ്പെടുത്തിയ ഗുരുതരമായ പിഴവ് ബോധപൂർവം വരുത്തിയതെന്ന് വേണം കരുതാൻ. കേസ് കോടതിയിലെത്തുമ്പോൾ പ്രതികൾക്കെനുകൂലമായി കാര്യങ്ങൾ മാറാൻ ഇതുതന്നെ ധാരാളം മതിയാകുമായിരുന്നു. എന്നാൽ ഗുരുതരമായ ഈ പിഴവ് 'കേരളകൗമുദി' ചൂണ്ടിക്കാട്ടിയതിനെ തുടർന്നാണ് തിരുത്തി നൽകാൻ പൊലീസ് നിർബ്ബന്ധിതരായത്. എഫ്.ഐ.ആറിലെ പിഴവ് ഗൗരവമുള്ളതാണെന്നും ക്ളറിക്കൽ പിശകെന്ന് പറഞ്ഞ് നിസാരമായി കാണാവുന്നതല്ലെന്നും തിരുവനന്തപുരം പൊലീസ് ട്രെയിനിംഗ് കോളേജ് മുൻ പ്രിൻസിപ്പൽ പി.സി രാമചന്ദ്രൻ നായർ പറഞ്ഞു. വീഡിയോ ദൃശ്യങ്ങൾ സംബന്ധിച്ച വിവരം എഫ്.ഐ.ആറിൽ ഉൾപ്പെടുത്താതിരുന്നതും സംശയകരമാണെന്ന് അദ്ദേഹം പറഞ്ഞു.
സ്കൂളുകളിലും റാഗിംഗ് !
കോളേജ് കാമ്പസുകളിൽ മാത്രമല്ല, സ്കൂളുകളിൽ പോലും റാഗിംഗിന്റെ പേരിൽ കുട്ടികൾ പീഡനം ഏറ്റുവാങ്ങേണ്ടി വരുന്നുവെന്നത് സമൂഹത്തെയാകെ പടർന്നു പിടിച്ച മാറാവ്യാധിയുടെ ഉത്തമോദാഹരണമാണ്. എറണാകുളം ഗ്ളോബൽ പബ്ളിക് സ്കൂളിലെ ഒമ്പതാം ക്ളാസ് വിദ്യാർത്ഥി മിഹിർ അഹമ്മദ് ജീവനൊടുക്കിയതിനു പിന്നിൽ സ്കൂളിലെ റാഗിംഗ് ആണെന്ന പരാതിയുമായി മാതാവ് രംഗത്തെത്തിയത് ഗൗരവത്തോടെ കാണേണ്ട വസ്തുതയാണ്. മറ്റു ചില സ്കൂളുകളിലും സമാനമായ പരാതികൾ ഉയർന്നു. സമൂഹത്തിലാകെ പടർന്നു കയറുന്ന മദ്യത്തിന്റെയും മയക്ക് മരുന്നിന്റെയും ദുസ്വാധീനമാണ് സ്കൂളുകളിലും കോളേജുകളിലും വിദ്യാർത്ഥി സമൂഹത്തെ ബാധിച്ചിരിക്കുന്നതെന്ന തിരിച്ചറിവ് അധികൃതർ ഇനിയും ഗൗരവതരമായി കണ്ടില്ലെങ്കിൽ റാഗിംഗ് പോലുള്ള സാമൂഹ്യവിപത്ത് മാറാവ്യാധി പോലെ പടരുമെന്നതിൽ സംശയമില്ല. ഉന്നത പഠനത്തിനായി സംസ്ഥാനത്തിനും രാജ്യത്തിനു പുറത്തേക്കും കണ്ണും നട്ട് കഴിയുന്ന വലിയൊരു വിദ്യാർത്ഥി സമൂഹത്തെ കേരളം വിടാൻ കൂടുതൽ പ്രേരിപ്പിക്കുന്നതാണ് ആവർത്തിക്കുന്ന റാഗിംഗ് ക്രൂരതകൾ.