യു.എസുമായുള്ള ച‌‌ർച്ച വിജയം, സെലൻസ്കിയുമായി ചർച്ചയ്ക്ക് തയ്യാറെന്ന് റഷ്യ

Wednesday 19 February 2025 4:16 AM IST

റിയാദ്: റഷ്യ- യുക്രെയിൻ യുദ്ധം അവസാനിപ്പിക്കുന്നതിനായി യു.എസുമായി നടത്തിയ ചർച്ച വിജയമെന്ന് റഷ്യ. 'ആവശ്യമെങ്കിൽ" യുക്രെയിൻ പ്രസിഡന്റ് വൊളോഡിമർ സെലെൻസ്‌കിയുമായി ചർച്ച നടത്താൻ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ തയ്യാറാണെന്നും അറിയിച്ചു. സൗദി അറേബ്യയിൽ നടന്ന ഉദ്യോഗസ്ഥതല ചർച്ചയ്ക്കുശേഷമാണ് പ്രഖ്യാപനം. നാല് മണിക്കൂറിലധികം ചർച്ച നീണ്ടു. സ്ഥിതിഗതികൾ ശാന്തമാക്കാൻ യു.എസും റഷ്യയും ഉന്നതതലസംഘത്തെ മദ്ധ്യസ്ഥരായി നിയോഗിച്ചു. ചർച്ചയിൽ സുപ്രധാന തിരുമാനങ്ങൾ എടുത്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ട്രംപ്- പുട്ടിൻ കൂടിക്കാഴ്ചയുടെ നിബന്ധനകളും ചർച്ചയായി. കൂടിക്കാഴ്ചയ്ക്കു വഴിയൊരുക്കുക എന്നത് യോഗത്തിന്റെ പ്രധാന ലക്ഷ്യമായിരുന്നു. എന്നാൽ, തീയതി നിശ്ചയിച്ചില്ലെന്ന് പുട്ടിന്റെവിദേശ നയതന്ത്ര ഉപദേശകൻ യൂറി ഉഷാകോവ് അറിയിച്ചു.

ട്രംപിന്റെ ഇടപെടലിനെത്തുടർന്നായിരുന്നു ചർച്ച. യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് പുട്ടിനുമായി ഫോണിൽ സംസാരിച്ചെന്ന് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സമാധാന ചർ‌ച്ചയിൽ യുക്രെയിനിലെ ഉദ്യോഗസ്ഥർക്കും യൂറോപ്യൻ യൂണിയൻ നേതാക്കൾക്കും ക്ഷണമുണ്ടായിരുന്നില്ല. അതിനാൽ ചർച്ച എത്രത്തോളം ഫലപ്രദമാകും എന്നതിൽ സംശയമുയർത്തുന്നവരുമുണ്ട്. യുക്രെയിൻ പങ്കെടുക്കാത്ത ചർച്ചകളിലെ ഒരു തീരുമാനവും അംഗീകരിക്കില്ലെന്ന് പ്രസിഡന്റ് വൊളോഡിമർ സെലെൻസ്‌കി അറിയിച്ചിരുന്നു.

റിയാദിലെ ദിരിയ്യ കൊട്ടാരത്തിൽ സൗദി വിദേശകാര്യമന്ത്രി ഫൈസൽ ബിൻ ഫറാൻ അൽ സൗദിന്റെയും ദേശീയ സുരക്ഷാ ഉപദേശകൻ മുസാദ് ബിൻ മുഹമ്മദ് അൽ ഐബാന്റെയും മദ്ധ്യസ്ഥതയിലായിരുന്നു കൂടിക്കാഴ്ച. യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, യു.എസ് മദ്ധ്യേഷ്യ ദൂതൻ സ്റ്റീവ് വിറ്റ്‌കോഫ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാൽസ്,​ റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ്, പുട്ടിന്റെവിദേശ നയതന്ത്ര ഉപദേശകൻ യൂറി ഉഷാകോവ്, ഉന്നത ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു. യുക്രെയ്ൻ സമാധാന ചർച്ചകൾ, ഉഭയകക്ഷി ബന്ധം, സഹകരണം എന്നിവ പിന്തുണയ്ക്കുന്നതിന് വാഷിംഗ്ടണിലെയും മോസ്‌കോയിലെയും എംബസികളിൽ ജീവനക്കാരെ പുനഃസ്ഥാപിക്കാൻ ഇരുരാജ്യങ്ങളും സമ്മതിച്ചെന്നാണ് റിപ്പോർട്ട്.