തകരാർ പരിഹരിച്ചു; വിദേശ കപ്പൽതീരം വിട്ടു

Wednesday 19 February 2025 3:54 AM IST

വിഴിഞ്ഞം: പുറംകടലിൽ യന്ത്രത്തകരാർ മൂലം കുടുങ്ങിപ്പോയ വിദേശ കപ്പൽ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി തിങ്കളാഴ്ച രാത്രി 12ഓടെ തുറമുഖം വിട്ടു.ഇന്ധന പമ്പ്‌ കേടായതിനെ തുടർന്ന് യാത്ര ചെയ്യാൻ കഴിയാതെ 5 ദിവസമായി വിഴിഞ്ഞത്ത് തുടരുകയായിരുന്നു. കുക്ക്‌ ഐലന്റ്‌ ഫ്ലാഗ്‌ വൈ.എൽ. ഡബ്ല്യു.എന്ന ബിറ്റുമിൻ ടാങ്കർ കപ്പലിനാണ്‌ കേരള മാരിടൈം ബോർഡിന്റെ വിഴിഞ്ഞം തുറമുഖ അധികൃതർ തുണയായത്.

ഗുജറാത്തിൽ നിന്ന് കരമാർഗം വിഴിഞ്ഞത്തെത്തിച്ച സ്പെയർ പമ്പ്‌ ടഗ്ഗ്‌ ഉപയോഗിച്ചാണ്‌ കപ്പലിലെത്തിച്ചത്‌. കൊൽക്കത്തയിലെ ഹൽദിയ തുറമുഖത്ത് നിന്ന് ഷാർജയിലേക്ക്‌ പോവുകയായിരുന്നു കപ്പൽ.തുറമുഖ ഡെപ്യൂട്ടി ഡയറക്ടർ ക്യാപ്ടൻ അശ്വനി പ്രതാപ്‌,വിഴിഞ്ഞം തുറമുഖത്തിന്റെ ചാർജ്ജുള്ള പർസർ വിനുലാൽ.എസ്‌,ധ്വനി ടഗ്ഗിന്റെ ചാർജ്ജുള്ള എൻജിനിയർ മരിയപ്രോൺ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പതിനെട്ട്‌‌ മണിക്കൂർ നീണ്ട ദൗത്യം പൂർത്തിയാക്കിയത്‌. തുറമുഖ ചാർജ്ജിനത്തിൽ 75000 രൂപയാണ്‌ തുറമുഖത്തിന്‌ ലഭിച്ചത്‌‌.