ഇന്ത്യയും ഖത്തറും ഇരട്ടനികുതി നീക്കും; അമീർ- മോദി ചർച്ചയിൽ കരാറായി, വ്യാപാരം ഇരട്ടിയാക്കും
# സഹകരണം വിവിധ മേഖലകളിലേക്ക്
ന്യൂഡൽഹി: നിക്ഷേപം വർദ്ധിപ്പിക്കാനും ജനങ്ങൾക്ക് ആശ്വാസം പകരാനും ഇരട്ട നികുതി ഒഴിവാക്കാൻ ഇന്ത്യയും ഖത്തറും തീരുമാനിച്ചു. ഖത്തറിലെ ഇന്ത്യക്കാരായ പ്രവാസികൾക്ക് ഇതു ഗുണം ചെയ്യും. അഞ്ച് വർഷത്തിനുള്ളിൽ വ്യാപാരം ഇരട്ടിയാക്കും. 28 ബില്യൺ ഡോളറിന്റെ വ്യാപാരമാണ് ലക്ഷ്യമിടുന്നത്. നിലവിൽ 14 ബില്യൺ ഡോളറാണ്.
രണ്ട് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനെത്തിയ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള ചർച്ചകൾക്ക് ശേഷമാണ് പ്രഖ്യാപനം.
ന്യൂഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ പ്രധാനമന്ത്രി മോദിയുടെയും ഖത്തർ അമീറിന്റെയും സാന്നിധ്യത്തിൽ ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽതാനിയും ധനമന്ത്രി നിർമ്മല സീതാരാമനും കരാറുകൾ കൈമാറി.
വ്യാപാരം, ഊർജ്ജം, നിക്ഷേപം, നവീകരണം, സാങ്കേതികവിദ്യ, ഭക്ഷ്യസുരക്ഷ, സംസ്കാരം എന്നിവ കേന്ദ്രീകരിച്ചുള്ള തന്ത്രപരമായ പങ്കാളിത്തമായി ഇന്ത്യ-ഖത്തർ ബന്ധത്തെ വളർത്തും. ഇരുരാജ്യങ്ങൾക്കും താത്പര്യമുള്ള പ്രാദേശിക, ആഗോള വിഷയങ്ങളെക്കുറിച്ചും മോദിയും അമീറും കാഴ്ചപ്പാടുകൾ പങ്കുവച്ചു. 2024 ഫെബ്രുവരിയിൽ ഖത്തർ സന്ദർശിച്ച
മോദിയുടെ ക്ഷണപ്രകാരമാണ് അമീറിന്റെ സന്ദർശനം. 2015ലും അമീർ ഇന്ത്യ സന്ദർശിച്ചിരുന്നു.
ഇന്നലെ രാവിലെ രാഷ്ട്രപതി ഭവനിൽ അമീറിന് ഗാർഡ് ഓഫ് ഓണർ നൽകി. പ്രസിഡന്റ് ദ്രൗപദി മുർമുവും പ്രധാനമന്ത്രി നരേന്ദ്രമോദിയും അമീറിനെ സ്വാഗതം ചെയ്‌തു. മന്ത്രിമാർ, മുതിർന്ന ഉദ്യോഗസ്ഥർ, ബിസിനസ് നേതാക്കളും അമീറിനൊപ്പമുണ്ട്.
പ്രവാസികൾക്ക്
ഒരു നികുതി കുറയും
നിലവിൽ ഖത്തറിൽ ജോലി ചെയ്യുന്ന ഇന്ത്യൻ പ്രവാസി അവിടെയും ഇന്ത്യയിലും നികുതി നൽകേണ്ടി വരുന്നു. ഇരട്ട നികുതി ഒഴിവാക്കൽ കരാറിലൂടെ ഇതിലൊന്ന് ഒഴിവാക്കും. സാമ്പത്തിക പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കാനും നികുതി വെട്ടിപ്പ് തടയാനും ഇതു സഹായിക്കും. ഖത്തറിൽ അഞ്ചു ലക്ഷത്തോളം മലയാളികൾ ഉണ്ട്.