അകത്ത് സംഗീതം, പുറത്ത് ദുർഗന്ധം വമിക്കുന്ന മാലിന്യം

Wednesday 19 February 2025 4:43 AM IST

തിരുവനന്തപുരം: നഗരത്തിന്റെ പ്രധാന സാംസ്കാരിക മുഖമായ സ്വാതിതിരുനാൾ സംഗീത സഭയുടെ കീഴിലുള്ള കോട്ടയ്ക്കകം കാർത്തിക തിരുനാൾ തിയേറ്ററിന്റെ പ്രവേശനകവാടം നിറഞ്ഞ് മാലിന്യക്കൂനകൾ. നഗരസഭ ഫോർട്ട് പരിസരത്തു നിന്ന് ശേഖരിക്കുന്ന മാലിന്യങ്ങൾ ഇവിടെയാണ് കൂട്ടിയിടുന്നത്. രണ്ടും മൂന്നും ദിവസങ്ങൾക്കു ശേഷമാണ് ഇത് നീക്കം ചെയ്യുന്നതെന്ന് സ്വാതി തിരുനാൾ സംഗീത സഭ സെക്രട്ടറി വേലായുധൻ പറയുന്നു. രാജ്യത്തിനകത്തും പുറത്തുമുള്ള കലാകാരന്മാരെത്തുന്ന സംഗീത-നൃത്ത പരിപാടികൾ സംഘടിപ്പിക്കുന്നത് ഇവിടെയാണ്. ഇക്കഴിഞ്ഞ സംസ്ഥാന സ്കൂൾ കലോത്സവത്തിലും കാർത്തിക തിരുനാൾ തിയേറ്റർ വേദിയായിരുന്നു. ദൃശ്യവേദിയുടെ നേതൃത്വത്തിൽ മാർഗി, കഥകളി എന്നിവയും ഇവിടെ സംഘടിപ്പിക്കാറുണ്ട്. പലപ്പോഴും ഓഡിറ്റോറിയത്തിനകത്ത് പരിപാടികൾ നടക്കുമ്പോൾ പുറത്തെ മാലിന്യങ്ങളിൽ നിന്ന് ദുർഗന്ധം വമിക്കും. മഴക്കാലത്ത് പ്രശ്നം ഇരട്ടിക്കും.

വിദേശത്തു നിന്നെത്തുന്ന കലാകാരന്മാർക്ക് താമസത്തിനും പ്രാക്ടീസിനുമുള്ള സൗകര്യവും ഇവിടെയാണ് സജ്ജീകരിച്ചിട്ടുള്ളത്. പലവട്ടം നഗരസഭയ്ക്ക് പരാതിപ്പെട്ടിട്ടും ഫലമുണ്ടായില്ല.ഇടയ്ക്ക് ഫോർട്ട് വാർഡ് കൗൺസിലറെ വിവരമറിയിക്കുമ്പോൾ വേഗത്തിൽ മാലിന്യം നീക്കംചെയ്യും. പലപ്പോഴും ഉച്ചവരെ ചാക്കുക്കണക്കിന് മാലിന്യം ഓഡിറ്റോറിയത്തിന് മുന്നിൽ കിടക്കും. വൈകിട്ട് പരിപാടിയുണ്ടെന്ന് അറിയിക്കുമ്പോൾ മാത്രമാണ് നഗരസഭയുടെ ജീവനക്കാരെത്തി മാലിന്യം നീക്കുന്നത്.

എവിടെ സൂക്ഷിക്കും?

വീടുകളിൽ നിന്ന് ശേഖരിക്കുന്ന മാലിന്യം സൂക്ഷിക്കാൻ സൗകര്യമില്ലാത്തതാണ് (മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി) പ്രശ്നമെന്ന് ഫോർട്ട് വാ‌ർഡ് കൗൺസിലർ ജാനകി അമ്മാൾ പറഞ്ഞു. ഇതിനുള്ള പണി നടക്കുകയാണ്. കഴിഞ്ഞആഴ്ച ചേർന്ന നഗരസഭ കൗൺസിൽ യോഗത്തിലും വിഷയം ചർച്ചയായി.ഒരാഴ്ചയ്ക്കുള്ളിൽ പ്രശ്നം പരിഹരിക്കുമെന്നും കൗൺസിലർ അറിയിച്ചു.