മുഖം മിനുക്കിയ എം.എൻ സ്മാരകത്തിൽ ഇന്ന് ഇടതു മുന്നണി യോഗം
തിരുവനന്തപുരം: പുതുക്കിപ്പണിത സി.പി.ഐ ആസ്ഥാന മന്ദിരം എം.എൻ.സ്മാരകത്തിൽ ഇന്ന് ആദ്യമായി ചേരുന്ന ഇടതുമുന്നണി യോഗത്തിലെ രാഷ്ട്രീയ ചർച്ചകൾ കടുക്കും. പാലക്കാട് എലപ്പുള്ളിയിൽ മദ്യനിർമാണ ശാലയ്ക്ക് അനുമതി നൽകാനുള്ള നീക്കവും അതിർത്തി മേഖലകളിൽ മനുഷ്യ -വന്യജീവി സംഘർഷം പ്രതിരോധിക്കുന്നതിൽ സർക്കാരിനുണ്ടായിട്ടുള്ള പാളിച്ചകളുമാവും മുഖ്യ ചർച്ചയാവുക.
മുന്നണി യോഗത്തിന് മുന്നോടിയായി ഇന്നലെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും ആശയവിനിമയം നടത്തിയതായാണ് അറിയുന്നത്. എലപ്പുള്ളിയിലെ മദ്യനിർമാണ ശാലയ്ക്ക് എതിരായ നിലപാടിൽ അയവ് വേണ്ടെന്നാണ് സി.പി.ഐ നിർവാഹക സമിതി യോഗത്തിലെ തീരുമാനം. ഇന്ന് ഇടതു മുന്നണി യോഗത്തിൽ സി.പി.ഐ നിലപാട് ആവർത്തിച്ചാൽ പ്രതിരോധത്തിലാവുന്നത് സി.പി.എമ്മാണ്.
വിഷയത്തിൽ ആദ്യം സി.പി.ഐയുടെ ഭാഗത്തു നിന്ന് എതിർശബ്ദം ഉയർന്നപ്പോൾ സി.പി.ഐ ആസ്ഥാനത്തെത്തി എക്സൈസ് മന്ത്രി എം.ബി.രാജേഷ് കാര്യങ്ങൾ വിശദീകരിച്ചു. ഇന്നത്തെ എൽ.ഡി.എഫ് യോഗത്തിൽ സാഹചര്യങ്ങൾ വിശദമാക്കാൻ മന്ത്രി രാജേഷിനെയും ക്ഷണിക്കാനും സാദ്ധ്യതയുണ്ട്. വിഷയത്തിൽ എതിർപ്പുമായി കത്തു നൽകിയിട്ടുള്ള മറ്റൊരു ഘടക കക്ഷി ആർ.ജെ.ഡിയാണ്. കേരള കോൺഗ്രസ് (മാണി) എന്തു നിലപാട് എടുക്കുമെന്നതും പ്രധാനം . കേരള കാത്തലിക് ബിഷപ്സ് കൗൺസിൽ (കെ.സി.ബി.സി) മദ്യവിരുദ്ധ സമിതി മദ്യനിർമാണ ശാലയ്ക്ക് അനുമതി നൽകുന്നതിനെതിരെ രംഗത്ത് വന്നിട്ടുണ്ട്.
1980-ൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി രൂപീകൃതമായ ശേഷം , ഇ.കെ.നായനാർ മുഖ്യമന്ത്രിയായിരിക്കെ ചുരുക്കം സന്ദർഭങ്ങളിൽ ക്ളിഫ് ഹൗസിൽ യോഗം ചേർന്നതൊഴിച്ചാൽ, എ.കെ.ജി സെന്ററിലാണ് ഇടതു മുന്നണി യോഗം. എം.എൻ.സ്മാരകം പുതുക്കിപ്പണിത് ഉദ്ഘാടനവും കഴിഞ്ഞതിനാൽ എല്ലാ ഘടകകക്ഷികൾക്കും അവിടെ സന്ദർശിക്കാനുള്ള അവസരം ഒരുക്കാൻ കൂടിയാണ് ഇന്നത്തെ യോഗം അവിടേക്ക് മാറ്റിയത്. ഉച്ചകഴിഞ്ഞ് 3.30 നാണ് യോഗം.