ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില കൂടുതൽ സങ്കീർണം, പ്രാർത്ഥനയിൽ വിശ്വാസി സമൂഹം
Wednesday 19 February 2025 7:18 AM IST
വത്തിക്കാൻ: ഫ്രാൻസീസ് മാർപാപ്പയുടെ ആരോഗ്യനില കൂടുതൽ സങ്കീർണം. ശ്വാസകോശങ്ങളിൽ ന്യുമോണിയ (ഡബിൾ ന്യുമോണിയ) ബാധിച്ചതായി വത്തിക്കാൻ അറിയിച്ചു. ചികിത്സയ്ക്കും പരിശോധനകൾക്കുമായി അഞ്ച് ദിവസമായി ആശുപത്രിയിൽ തുടരുകയാണ് 88കാരനായ മാർപാപ്പ.
പോപ്പിന് ആന്റിബയോട്ടിക് ചികിത്സ തുടരുകയാണെന്ന് ഡോക്ടർമാർ അറിയിച്ചു. മാർപാപ്പയുടെ ഈയാഴ്ചത്തെ ഔദ്യോഗിക പരിപാടികളെല്ലാം റദ്ദാക്കി. അൽപം സങ്കീർണമായ അണുബാധയാണുള്ളതെന്നും കൂടുതൽ ദിവസം ആശുപത്രിവാസം വേണ്ടിവരുമെന്നും ഡോക്ടർമാർ പറഞ്ഞു. ശനിയാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന പൊതുപരിപാടിയും റദ്ദാക്കി. ഞായറാഴ്ച കുർബാനയ്ക്ക് മാർപാപ്പയ്ക്കു പകരം മുതിർന്ന കർദിനാൾ കാർമികനാകും.
ജന്മനാടായ അർജന്റീനയിൽ പുരോഹിത പഠനത്തിനിടെ ഇരുപതുകളുടെ തുടക്കത്തിൽ മാർപാപ്പയുടെ ശ്വാസകോശത്തിന്റെ ഒരു ഭാഗം നീക്കം ചെയ്തിരുന്നു.