ജില്ലയിൽ രണ്ടാഴ്‌ചയ്‌ക്കിടെ രോഗം പിടിപെട്ടത് 95 പേർക്ക്; വില്ലനാകുന്നത് നിങ്ങൾ ചെയ്യുന്ന വലിയൊരു അബദ്ധം
കോഴിക്കോട്: വേനൽ കനത്തതോടെ ജില്ലയിൽ സാംക്രമിക രോഗങ്ങളും പടരുന്നു. രണ്ടാഴ്ചക്കിടെ 95 പേർക്ക് മഞ്ഞപ്പിത്ത രോഗം ബാധിച്ചതായാണ് ആരോഗ്യവകുപ്പിന്റെ ഔദ്യോഗിക സ്ഥിരീകരണം. എന്നാൽ സർക്കാർ, സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും എത്തുന്നവരുടെ എണ്ണം ഇതിലും കൂടുതലാണ്. രോഗികളുടെ എണ്ണം കുത്തനെ ഉയരുമ്പോഴും കൃത്യമായ എണ്ണം ആരോഗ്യവകുപ്പിന്റെ സെെറ്റിൽ പ്രസിദ്ധീകരിക്കാനോ കുടിവെള്ള സ്രോതസുകൾ ശുചിയാക്കാനോ ആവശ്യമായ ഇടപെടലുകൾ ഉണ്ടാകുന്നില്ലെന്ന ആരോപണം ശക്തമായിട്ടുണ്ട്.
ദിനംപ്രതി പത്തിലധികം പേർ സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടുന്നുണ്ടെന്നാണ് വിവരം. ശുദ്ധമല്ലാത്ത വെള്ളം കുടിക്കുന്നതാണ് പലപ്പോഴും വില്ലനാകുന്നത്. വേനൽ കടുത്തതോടെ ജില്ലയുടെ പല ഭാഗങ്ങളിലും ശുദ്ധജല ദൗർലഭ്യമുണ്ട്. കുടിവെള്ള സ്രോതസുകൾ മലിനമാകുന്നതും രോഗ വ്യാപനത്തിന് കാരണമാകുന്നു. ടാങ്കറുകളിൽ കൊണ്ടുവരുന്നകുടിവെള്ളം ആശ്രയിക്കുന്ന പ്രദേശങ്ങളുടെ എണ്ണവും കൂടിവരികയാണ്.
വൃത്തിയില്ലാത്ത വെള്ളം, ഭക്ഷണം എന്നിവ വഴി പകരുന്ന ഹെപ്പറ്റൈറ്റിസ് എ വിഭാഗം വൈറസ് ബാധയാണ് ജില്ലയിൽ പടരുന്നത്. ചൂടുകൂടിയതോടെ പലയിടത്തും കിണറുൾപ്പെടെ വറ്റി മലിനമായിട്ടുണ്ട്. ആഘോഷങ്ങളിലും മറ്റും നൽകുന്ന ശീതളപാനീയം ശുദ്ധമല്ലെങ്കിൽ രോഗം പടരാൻ ഇടയാകും. മഞ്ഞപ്പിത്തത്തിന് പുറമെ ജലജന്യ രോഗങ്ങളായ ടൈഫോയ്ഡ്, വയറിളക്ക രോഗങ്ങൾ, എലിപ്പനി, ഡെങ്കിപ്പനി എന്നിവയും പടരുകയാണ്. രാത്രി തണുപ്പും പകൽ കൂടുതൽ ചൂടും അനുഭവപ്പെടുന്ന കാലാവസ്ഥാ വ്യതിയാനം വെെറൽ പനി പടരുന്നതിനും ഇടയായിട്ടുണ്ട്.
ചിക്കൻ പോക്സും വ്യാപകം
രണ്ടാഴ്ചക്കകം 90 പേരാണ് ചിക്കൻപോക്സിന് ചികിത്സ തേടിയത്. ചൂട് കൂടിയതാണ് രോഗവ്യാപനത്തിന് കാരണം. ജില്ലയിലെ ഭൂരിഭാഗം പഞ്ചായത്തുകളിലും കോർപ്പറേഷൻ പരിധിയിലും നിരവധി പേർക്കാണ് രോഗബാധ ഉണ്ടായിട്ടുള്ളത്. പനി, തലവേദന തുടങ്ങിയ പ്രാരംഭ ലക്ഷണങ്ങൾക്കൊപ്പം ദേഹത്ത് കുമിളകൾ പൊങ്ങുമ്പോഴാണ് പലരും ചികിത്സ തേടുന്നത്. രോഗിയുടെ ദേഹത്തെ കുമിളകൾ പൊട്ടിക്കരുതെന്നും പരിചരിക്കുന്നവർ മാസ്ക് ധരിക്കണമെന്നുമാണ് ആരോഗ്യവകുപ്പ് നൽകുന്ന മുന്നറിയിപ്പ്.
ചൂടാണ്, ശ്രദ്ധ വേണം
ബീച്ച്, ആഘോഷപരിപാടികൾ, ജ്യൂസ് കടകൾ, ഹോട്ടലുകൾ ഉൾപ്പെടയുള്ള സ്ഥലങ്ങളിൽ വിതരണം ചെയ്യുന്ന വെള്ളം സുരക്ഷയുറപ്പാക്കിയ ശേഷം മാത്രം കുടിക്കുക
കിണർവെള്ളം ഇടയ്ക്ക് ക്ലോറിനേറ്റ് ചെയ്ത് ശുദ്ധീകരിക്കുക.
ധാരാളം വെള്ളം കുടിക്കുക
ഭക്ഷണത്തിൽ പഴങ്ങളും പച്ചക്കറികളും ധാരാളം ഉൾപ്പെടുത്തണം.
മദ്യപാനം, പുകവലി എന്നിവ തീർത്തും ഒഴിവാക്കുക.
ഒ.ആർ.എസ് ലായനി, സംഭാരം തുടങ്ങിയവ ഉപയോഗിക്കുക
റിപ്പോർട്ട് ചെയ്ത രോഗങ്ങൾ (ഫെബ്രുവരി 1 മുതൽ 16 വരെ)
ചിക്കൻ പോക്സ്- 90
മഞ്ഞപ്പിത്തം-95
ഡെങ്കിപ്പനി-14
എലിപ്പനി-6