'മരണം അറിഞ്ഞു, ഞാൻ എന്തിന് കാണണം?'; പ്രേം നസീറിനെ അവസാനമായി കാണാൻ വരാത്തതിന്റെ കാരണം പറഞ്ഞ് ഷീല

Wednesday 19 February 2025 12:53 PM IST

മലയാളത്തിന്റെ നിത്യഹരിത നായകൻ പ്രേം നസീർ ഓർമയയിട്ട് 36 വർഷങ്ങൾ കഴിഞ്ഞു. ഒരു കാലത്ത് മലയാളികളുടെ ഇഷ്‌ട ജോ‌ഡികളായിരുന്നു നസീറും ഷീലയും. സിനിമയിൽ മാത്രമല്ല, ഇരുവരും തമ്മിലുള്ള സൗഹൃദവും വളരെ ആഴത്തിലുള്ളതായിരുന്നു. എന്നിട്ടും പ്രേം നസീറിനെ അവസാനമായി കാണാൻ ഷീല വരാത്തത് വലിയ ചർച്ചയായിരുന്നു. ഇപ്പോഴിതാ നസീറിന്റെ ജന്മദേശമായ ചിറയിൻകീഴിലെത്തി ഇതിനുള്ള മറുപടി പറഞ്ഞിരിക്കുകയാണ് ഷീല.

'മരിച്ച് കിടക്കുന്ന നസീർ സാറിന്റെ മുഖം കാണാൻ എനിക്ക് വയ്യ. എന്തിന് കാണണം? അതിനാൽ ഞാൻ വന്നില്ല. അന്ന് സ്വീഡനിൽ സഹോദരിക്കൊപ്പമായിരുന്നു ഞാൻ. സാറിന്റെ മരണ വിവരം അറിയിച്ചു. ശ്രമിച്ചെങ്കിൽ വരാമായിരുന്നു. പക്ഷേ, എന്തിന്? ഞാൻ തീരുമാനിച്ചു. ജീവനോടെ കണ്ട നസീർ സാറിന്റെ മുഖം മനസിലുണ്ട്. അതുമതി ', ഷീല പറഞ്ഞു.

ചിറയിൻകീഴ് പൗരാവലി സംഘടിപ്പിച്ച പ്രേം നസീർ സ്‌മൃതി സായാഹ്നത്തിൽ മന്ത്രി കെ എൻ ബാലഗോപാലിൽ നിന്ന് പ്രേം നസീർ പുരസ്‌കാരം സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു ഷീല. ഇതുവരെയുള്ളതിൽ തനിക്ക് ലഭിച്ച ഏറ്റവും വലിയ പുരസ്കാരം തന്റെ മകനായിരുന്നു. ചിറയിൻകീഴിലെ ജനത നസീർ സാറിന്റെ പേരിൽ നൽകിയ ഈ പുരസ്കാരം ഇപ്പോൾ എല്ലാത്തിനും മുകളിലാണെന്നും ഷീല പറഞ്ഞു.