രേഖാ ഗുപ്‌ത മുഖ്യമന്ത്രി, ഡൽഹിയെ വീണ്ടും വനിത നയിക്കും, പർവേശ് വെർമ്മ ഉപമുഖ്യമന്ത്രിയാകും

Wednesday 19 February 2025 8:20 PM IST

ന്യൂഡൽഹി: രണ്ടാഴ്‌ച നീണ്ട ചർച്ചകൾക്ക് ശേഷം ഡൽഹിയിൽ മുഖ്യമന്ത്രിയെ നിശ്ചയിച്ച് ബിജെപി. മഹിളാ മോർച്ച ദേശീയ വൈസ്‌ പ്രസിഡന്റായ രേഖ ഗുപ്‌തയാണ് പുതിയ മുഖ്യമന്ത്രി. പർ‌വേശ് വെർമ്മയെ ഉപമുഖ്യമന്ത്രിയായും നിശ്ചയിച്ചു. ഔദ്യോഗിക പ്രഖ്യാപനം അൽപസമയത്തിനകം ഉണ്ടാകും. ഷാലിമാർബാഗ് സീറ്റിൽ നിന്നും 29,595 വോട്ടുകൾക്ക് വിജയിച്ച രേഖ ഗുപ്‌ത, അതീഷി മെർലേനയ്‌ക്ക് ശേഷമാണ് ഡൽഹി മുഖ്യമന്ത്രി കസേരയിൽ എത്തുന്നത്.

ഡൽഹിയിലെ ആദ്യ നിയമസഭാ തിരഞ്ഞെടുപ്പിൽ 1998ൽ സുഷമാ സ്വരാജ് മുഖ്യമന്ത്രിയായിരുന്നു. 27 വർഷങ്ങൾക്ക് ശേഷം ഇത്തവണയാണ് പിന്നീട് ബിജെപി ഡൽഹി നിയമസഭയിലേക്ക് വിജയിക്കുന്നത്. ഇത്തവണയും വനിതാ മുഖ്യമന്ത്രിയെയാണ് ബിജെപി തീരുമാനിച്ചിരിക്കുന്നത്. 70 അംഗ നിയമസഭയിൽ 48 സീറ്റുകളിലാണ് ബിജെപി ജയിച്ചത്. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 5,78,486 വോട്ടുകളുടെ ചരിത്ര വിജയമാണ് പർവേഷ് വെർമ്മ മുൻപ് നേടിയിട്ടുള്ളത്. ഇത്തവണ പശ്ചിമ ദില്ലിയിൽ നിന്നാണ് നിയമസഭയിലെത്തിയത്.

രോഹിണി മണ്ഡലത്തിലെ എംഎൽഎ വിജേന്ദ്ര ഗുപ്‌തയാണ് സ്‌പീക്കറാകുക. 2013 മുതൽ നീണ്ട 12 വർ‌ഷക്കാലം ഡൽഹി ഭരിച്ച ആംആദ്‌മി പാർട്ടി കേവലം 22 സീറ്റിൽ മാത്രമാണ് ഇത്തവണ ജയിച്ചത്. 15 വർഷം ഡൽഹി ഭരിച്ച കോൺഗ്രസിന് സീറ്റൊന്നും ലഭിച്ചില്ല. ആം ആദ്‌മി ദേശീയ കൺവീനറും മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാളും മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുമടക്കം പ്രധാന നേതാക്കളെല്ലാം തോറ്റു.

സൗജന്യങ്ങളടക്കം ആകർഷകമായ വാഗ്‌ദാനങ്ങളുമായാണ് ബിജെപി തിരഞ്ഞെടുപ്പിനെ നേരിട്ടത്. മഹിളാ സമൃദ്ധി യോജന പ്രകാരം സ്‌ത്രീകൾക്ക് മാസം 2500 രൂപ. ഗർഭിണികൾക്ക് 21000 രൂപയും ആറ് പോഷകഗുണങ്ങളടങ്ങിയ കിറ്റും നൽകും.500 രൂപയ്‌ക്ക് പാവപ്പെട്ട വീട്ടിലെ സ്‌ത്രീകൾക്ക് ഗ്യാസ് കണക്ഷൻ നൽകും. ഹോളിയ്‌ക്കും ദീപാവലിയ്‌ക്കും സൗജന്യ ഗ്യാസ് കണക്ഷൻ, 60നും 70നും ഇടയിൽ പ്രായമുള്ള മുതിർന്ന പൗരന്മാരുടെ പെൻഷൻ 2000ൽനിന്ന് 2500 രൂപയാക്കും, 70 വയസ് കഴിഞ്ഞവർക്കും വിധവകൾക്കും 3000 രൂപയായി പെൻഷൻ ഉയർത്തും എന്നും പ്രഖ്യാപനം വന്നു. മുഖ്യമന്ത്രിയെ തീരുമാനിച്ചില്ലെങ്കിലും കഴിഞ്ഞ ദിവസങ്ങളിൽ യമുനാ നദി ശുചീകരണവും തുടങ്ങിയിരുന്നു.