സാധാരണ പ്രവർത്തകർക്കിടയിൽ പ്രിയങ്കരി, മുഖ്യമന്ത്രിയായി രേഖാ ഗുപ്‌തയെ ബിജെപി നിശ്ചയിച്ചുറപ്പിച്ചത് വെറുതെയല്ല

Wednesday 19 February 2025 9:45 PM IST

ന്യൂഡൽഹി: രണ്ടര പതിറ്റാണ്ടിന് ശേഷം രാജ്യതലസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയെത്തിയ ബിജെപി, രേഖാ ഗുപ്‌തയെ മുഖ്യമന്ത്രിയായി തീരുമാനിച്ചിരിക്കുകയാണ്. നാളെ മുഖ്യമന്ത്രിയായി രേഖാ ഗുപ്‌ത അധികാരമേൽക്കും. ഇന്ന് നടന്ന നിയമസഭാ പാർട്ടി യോഗശേഷമാണ് രേഖയുടെ പേര് പ്രഖ്യാപിച്ചത്. അടിസ്ഥാന വർഗത്തിനിടയിൽ സ്വാധീനമുള്ള പാർട്ടിയിലെ സാധാരണ പ്രവർത്തകരെ മനസിലാകുന്ന നേതാവെന്നാണ് രേഖ അറിയപ്പെടുന്നത്.

പാർട്ടി സംഘടനാ രംഗത്തും രണ്ട് പതിറ്റാണ്ടിനടുത്ത് അനുഭവ പരിചയം 50കാരിയായ രേഖാ ഗുപ്‌തയ്‌ക്കുണ്ട്. പഠനകാലത്ത് ഡൽഹി സർവകലാശാല സ്റ്റുഡൻസ് യൂണിയൻ അംഗമായി. പാർട്ടി ദേശീയ എക്‌സിക്യൂട്ടീവിലെ അംഗവും ഡൽഹി സ്റ്റേറ്റ് യൂണിറ്റ് ജനറൽ സെക്രട്ടറിയുമാണ്. 1992ൽ എബിവിപി അംഗമായി. അന്നുമുതൽ പാർട്ടിക്കായി പ്രവർത്തിച്ചു. നോർത്ത് പീതാംപുരയിൽ നിന്ന് 2007ൽ കൗൺസിലറായി.2012ൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതോടെ സൗത്ത് ഡൽഹി മുനിസിപ്പൽ കോർപറേഷൻ മേയറായി. നിലവിൽ ബിജെപി വനിതാ പോഷകസംഘടന മഹിളാമോർച്ചയുടെ ദേശീയ വൈസ്‌ പ്രസിഡന്റാണ്. ഷാലിമാർ ബാഗിൽ നിന്ന് ഇത്തവണ നിയമസഭയിലേക്ക് കന്നി പോരാട്ടത്തിൽ ആം ആദ്‌മി പാർട്ടിയുടെ ബന്ദന കുമാരിയെ 29,595 വോട്ടുകൾക്ക് വമ്പൻ വിജയം നേടി.