കോടതികളിൽ ബ്രാഹ്മണ മേധാവിത്വം:മുൻ ജഡ്ജിമാർ

Thursday 20 February 2025 12:17 AM IST

ചെന്നൈ: കോടതികളിൽ ജ‌ഡ്‌ജിമാരുടെ നിയമനങ്ങളിൽ സാമൂഹിക പ്രാതിനിദ്ധ്യം പ്രതിഫലിക്കുന്നില്ലെന്ന് മുൻ ജഡ്‌ജിമാർ. മദ്രാസ് ഹൈക്കോടതി മുൻ ജഡ്ജിമാരായ കെ. ചന്ദ്രുവും ഡി. ഹരിപരന്താമനും സംയുക്ത വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിയമനങ്ങളിൽ ബ്രാഹ്മണ മേധാവിത്വമാണ്. സുപ്രീംകോടതിയിലും ഹൈക്കോടതികളിലും നിയമനം നടപടിക്രമങ്ങൾക്കനുസൃതമായല്ല നടക്കുന്നത്. വൈവിദ്ധ്യവും സാമൂഹിക നീതിയും പാലിക്കപ്പെടുന്നില്ല.

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ നിയമിക്കപ്പെട്ട ജഡ്‌ജിമാരിൽ 79 ശതമാനവും ജനസംഖ്യയിൽ പത്ത് ശതമാനം മാത്രം വരുന്ന മുന്നാക്ക ജാതിയിൽപ്പെട്ടവരാണ്. സുപ്രീംകോടതി ജഡ്‌ജിമാരിൽ 34 ശതമാനം ബ്രാഹ്മണരാണ്. പട്ടികജാതി,​ പട്ടിക വർഗ,​ ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്നുള്ളത് രണ്ട് ശതമാനം മാത്രം. ഈ വിഭാഗങ്ങളിൽ നിന്നുള്ളവർക്കും സ്ത്രീകൾക്കും പ്രാതിനിദ്ധ്യം ലഭിക്കുന്നില്ല. ഇത് സാമൂഹ്യ നീതിക്ക് തടസമാണെന്ന് ജസ്റ്റിസ് ചന്ദ്രു പറഞ്ഞു. കേരളത്തിലെ കീഴ്ക്കോടതികളിൽ 74 ശതമാനം ജഡ്ജിമാർ സ്ത്രീകളാണ്. തമിഴ്നാട്ടിലിത് 64 ശതമാനം. ഹൈക്കോടതികളിലും സുപ്രീംകോടതികളിലും സ്ത്രീകൾക്ക് അർഹമായ പരിഗണന ലഭിക്കുന്നില്ല. ഡി.വൈ ചന്ദ്രചൂഡ് ചീഫ് ജസ്റ്റിസായിരിക്കുമ്പോൾ ഒരു സ്ത്രീയെ പോലും സുപ്രീംകോടതി ജ‌ഡ്‌ജിയായി നിയമിച്ചിട്ടില്ല. കൊളീജിയത്തിന്റെ നിയമനത്തിൽ സ്വജനപക്ഷപാതമുണ്ട്. നടപടിക്രമങ്ങൾ രഹസ്യാത്മകമാണ്. അത് പൊതുജനത്തിൽ നിന്ന് മാറ്റിനിറുത്തിയിരിക്കുന്നു. - ഹരിപരന്താമൻ ആരോപിച്ചു. കൊളീജിയം ശുപാർശ ചെയ്യുന്നവർ പോലും തഴയപ്പെടുമ്പോൾ അന്തിമ തീരുമാനം കേന്ദ്രസ‌ർക്കാരിന്റേതായി മാറുന്നുവെന്നും പറഞ്ഞു.