കാക്കനാട് കസ്റ്റംസ് ക്വാർട്ടേഴ്‌സിൽ മൃതദേഹങ്ങൾ ,​ കൂട്ട ആത്മഹത്യയെന്ന് സംശയം

Thursday 20 February 2025 9:22 PM IST

കൊച്ചി ; കാക്കനാട്ടെ കസ്റ്റംസ് ക്വാർട്ടേഴ്‌സിൽ മൂന്നു പേരെ മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ജി.എസ്.ടി അഡിഷണൽ കമ്മിഷണർ മനീഷ് വിജയ്,​ സഹോദരി ശാലിനി ,​ മാതാവ് ശകുന്തള അഗർവാൾ എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ക്വാർട്ടേഴ്‌സിലെ അടുക്കളയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

ഒരാഴ്ചയായി ജാർഖണ്ഡ് സ്വദേശിയായ മനീഷ് വിജയ് അവധിയിലായിരുന്നു. അവധി കഴിഞ്ഞിട്ടും തിരികെ പ്രവേശിക്കാത്തതിനെ തുടർന്ന് സഹപ്രവർത്തകർ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചു. കിട്ടാതായതോടെ ഉദ്യോഗസ്ഥർ വീട്ടിലെത്തുകയായിരുന്നു. ഈ സമയത്ത് കടുത്ത ദുർഗന്ധം വീട്ടിൽ നിന്ന് വമിക്കുന്നുണ്ടായിരുന്നു. ഇവർ നടത്തിയ പരിശോധനയിലായിരുന്നു മൃതദേഹങ്ങൾ കണ്ടെത്തിയത്.

മനീഷിന്റെയും ശാലിനിയുടെയും മൃതദേഹങ്ങളാണ് ആദ്യം കണ്ടെത്തിയത്. പിന്നാലെ ഇവർ വിവരം തൃക്കാക്കര പൊലീസിൽ അറിയിക്കുകയായിരുന്നു. മൃതദേഹങ്ങൾക്ക് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നാണ് റിപ്പോ‌ർട്ട്,​ കൂട്ട ആത്മഹത്യയ്ക്കുള്ള കാരണം വ്യക്തമല്ല. അന്വേഷണം ആരംഭിച്ചതായി തൃക്കാക്കര പൊലീസ് പറഞ്ഞു.