മാതാവിനെ വെട്ടി, ഗ്യാസ് സിലിണ്ടറെടുത്ത് തലയ്‌ക്കടിച്ച് കൊലപ്പെടുത്തി; മലപ്പുറത്ത് 25കാരൻ പിടിയിൽ

Friday 21 February 2025 4:27 PM IST

മലപ്പുറം: മകൻ മാതാവിനെ വെട്ടിയും തലയ്‌ക്കടിച്ചും കൊലപ്പെടുത്തി. മലപ്പുറം തിരൂരിലാണ് സംഭവം. പൊന്മുണ്ടം കാവപ്പുര നന്നാട്ട് അബുവിന്റെ ഭാര്യ ആമിന (62) ആണ് മരിച്ചത്. മകൻ മുസമ്മിലിനെ (25) പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാൾക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്നാണ് കരുതുന്നത്.

ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് സംഭവം. ഇറച്ചി വ്യാപാരിയായ അബുവിന്റെ കടയിൽ നിന്ന് രാവിലെ വീട്ടിലെത്തിയ മുസമ്മിൽ പ്രത്യേകിച്ചൊരു പ്രകോപനവുമില്ലാതെ അടുക്കളയിൽ ജോലി ചെയ്യുകയായിരുന്ന ആമിനയെ വലിയ കത്തി ഉപയോഗിച്ച് വെട്ടി. തുടർന്ന് അടുക്കളയിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടർ എടുത്ത് തലയ്‌ക്കടിച്ചു. ഇതോടെ തലയോട്ടി തകർന്ന ആമിന സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു.

കൊലപാതകത്തിന് ശേഷം മുസമ്മിൽ വീട്ടിൽ തുടർന്നു. പൊലീസെത്തിയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇൻക്വസ്റ്റ് പൂർത്തിയാക്കി. സംഭവസ്ഥലത്ത് ഫോറൻസിക് വിദഗ്ദ്ധർ പരിശോധന നടത്തി.