ഹമാസ് കൈമാറിയത് ബന്ദിയുടെ മൃതദേഹമല്ല: ഇസ്രയേൽ

Saturday 22 February 2025 6:25 AM IST

ടെൽ അവീവ്: വെടിനിറുത്തൽ കരാറിന്റെ ഭാഗമായി വ്യാഴാഴ്ച കൈമാറിയ നാല് മൃതദേഹങ്ങളിലൊന്ന് ബന്ദിയുടേത് അല്ലെന്ന് ഇസ്രയേൽ. ഗാസയിൽ ബന്ദികളാക്കപ്പെട്ട ഷിരി ബിബാസ് (33),മക്കളായ ഏരിയൽ,​ക്ഫിർ,സമാധാന ആക്ടിവിസ്റ്റ് ഒദദ് ലിഫ്ഷിറ്റ്സ് (84) എന്നിവരുടെ മൃതദേഹങ്ങളാണ് ഹമാസ് റെഡ് ക്രോസിന് കൈമാറിയത്.

എന്നാൽ ഷിരിയുടേത് എന്ന പേരിൽ അജ്ഞാത മൃതദേഹമാണ് ഹമാസ് നൽകിയതെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു. മറ്റ് മൂന്ന് മൃതദേഹങ്ങളും ഡി.എൻ.എ പരിശോധനയിലൂടെ സ്ഥിരീകരിച്ചു. ഹമാസിന്റേത് ഗുരുതരമായ കരാർ ലംഘനമാണെന്ന് ഇസ്രയേൽ ആരോപിച്ചു. ഹമാസിന് തിരിച്ചടി നൽകുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകി.

അതേ സമയം, പിഴവ് സംബന്ധിച്ച് അന്വേഷണം ആരംഭിച്ചെന്ന് ഹമാസ് പ്രതികരിച്ചു. ഗാസയിലെ ഇസ്രയേൽ വ്യോമാക്രമണത്തിലാണ് ഷിരിയും കുട്ടികളും കൊല്ലപ്പെട്ടതെന്നും, ഷിരിയുടെ മൃതദേഹ ഭാഗങ്ങൾ ആക്രമണത്തിൽ ഛിന്നച്ചിതറിയ മറ്റ് മൃതദേഹാവശിഷ്ടങ്ങൾക്കൊപ്പം കലർന്നിരിക്കാമെന്നും ഹമാസ് കൂട്ടിച്ചേർത്തു.

ഇസ്രയേൽ ആക്രമണത്തിൽ ബന്ദികളുടെയും പാലസ്തീനികളുടെയും മൃതദേഹങ്ങൾ തിരിച്ചറിയാൻ സാധിക്കാത്തവിധം ഛിന്നിച്ചിതറിയെന്നും ആയിരക്കണക്കിന് മൃതദേഹങ്ങൾ ഇപ്പോഴും കെട്ടിടാവശിഷ്ടങ്ങൾക്കിടെയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും ഹമാസ് പറയുന്നു. ഇന്ന് ആറ് ബന്ദികളെ ഹമാസും 602 പാലസ്തീനിയൻ തടവുകാരെ ഇസ്രയേലും മോചിപ്പിക്കാനിരിക്കെയാണ് വിവാദം.

 ബോധപൂർവ്വം കൊലപ്പെടുത്തി

ഷിരിയും മക്കളും കൊല്ലപ്പെട്ടത് തങ്ങൾ നടത്തിയ വ്യോമാക്രമണത്തിലാണെന്ന ആരോപണം തള്ളി ഇസ്രയേൽ. ഷിരിയുടെ മക്കളായ ഏരിയലിനെയും ക്ഫിറിനെയും ബോധപൂർവ്വം കൊലപ്പെടുത്തിയതാണെന്ന് അവരുടെ മൃതദേഹങ്ങളിൽ നടത്തിയ ഫോറൻസിക് പരിശോധനയുടെയും ഇന്റലിജൻസ് വിവരങ്ങളുടെയും അടിസ്ഥാനത്തിൽ സൂചിപ്പിക്കുന്നെന്ന് ഇസ്രയേൽ സൈന്യം പ്രതികരിച്ചു. ഹമാസ് ഇസ്രയേലിൽ നിന്ന് തട്ടിക്കൊണ്ടുപോകുമ്പോൾ ഒമ്പത് മാസമായിരുന്നു ക്ഫിറിന്റെ പ്രായം. സഹോദരൻ ഏരിയലിന് നാല് വയസും.