ശക്തികാന്ത ദാസ് പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രണ്ടാമത്തെ പ്രിൻസിപ്പൽ സെക്രട്ടറിയായി റിസർവ് ബാങ്ക് ഒഫ് ഇന്ത്യ (ആർ.ബി.ഐ) മുൻ ഗവർണർ ശക്തികാന്ത ദാസിനെ നിയമിച്ചു. പ്രധാനമന്ത്രിയുടെ കാലാവധി തീരുന്നത് വരെയോ പുതിയ ഉത്തരവ് വരുന്നതു വരെയോ പദവിയിൽ തുടരാം. 2019 മുതൽ പ്രിൻസിപ്പൽ സെക്രട്ടറിയായ പ്രമോദ് കുമാർ മിശ്രയ്‌ക്കൊപ്പമാണ് നിയമനം. മിശ്രയുടെ കാലാവധി 2024 ജൂണിൽ ദീർഘിപ്പിച്ചിരുന്നു.
ധനകാര്യ മന്ത്രാലയത്തിൽ റവന്യു വകുപ്പിന്റെയും സാമ്പത്തികകാര്യ വകുപ്പിന്റെയും മുൻ സെക്രട്ടറിയായിരുന്ന ശക്തികാന്ത ദാസ്, 2018 ഡിസംബറിലാണ് ആർ.ബി.ഐ ഗവർണറായത്. 15-ാം ധനകാര്യ കമ്മിഷൻ അംഗമായും ഇന്ത്യയുടെ ജി20 ഷെർപ്പയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ലോക ബാങ്ക്, ഏഷ്യൻ ഡെവലപ്മെന്റ് ബാങ്ക് (എ.ഡി.ബി), ന്യൂ ഡെവലപ്മെന്റ് ബാങ്ക് (എൻ.ഡി.ബി), ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ബാങ്ക് (എ.ഐ.ഐ.ബി) തുടങ്ങിയ ആഗോള ധനകാര്യ സ്ഥാപനങ്ങളിൽ ഇന്ത്യയുടെ ആൾട്ടർനേറ്റ് ഗവർണറായും പ്രവർത്തിച്ചു.
നീതി ആയോഗ് സി.ഇ.ഒയുടെ കാലാവധി നീട്ടി
നീതി ആയോഗ് സി.ഇ.ഒ ബി.വി.ആർ.സുബ്രഹ്മണ്യത്തിന്റെ കാലാവധി 2026 ഫെബ്രുവരി വരെ നീട്ടി. 1987 ബാച്ച് ഛത്തീസ്ഗഡ് കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥനായ അദ്ദേഹത്തെ സർവീസിൽ നിന്ന് വിരമിച്ച ശേഷമാണ് 2023 ഫെബ്രുവരിയിൽ രണ്ടു വർഷത്തേക്ക് നീതി ആയോഗ് സി.ഇ.ഒ ആയി നിയമിച്ചത്.