ടിപ്പറുകളുടെ മരണപ്പാച്ചിൽ

Sunday 23 February 2025 1:43 AM IST

കല്ലറ: ഗ്രാമീണ റോഡുകളിലെ ടിപ്പറുകളുടെ ചീറിപ്പാച്ചിലിൽ പൊറുതി മുട്ടി ജനം. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ നിരവധി അപകടങ്ങളാണ് കിളിമാനൂർ ഭാഗത്തുണ്ടായത്. രണ്ട് ദിവസം മുൻപ് കാരേ​റ്റ് കല്ലറ റോഡിൽ ടിപ്പറിന്റെ മരണപ്പാച്ചിലിൽ ഒരു ജീവൻ പൊലിഞ്ഞു. അപകടത്തിൽ അഞ്ച് പേർക്ക് പരിക്കുപ​റ്റി. ഹോസ്പി​റ്റലിൽ പോകാൻ ബസ് കാത്തുനിൽക്കവെ നിയന്ത്റണം വിട്ട ടിപ്പറിടിച്ച് റഹ്മത്ത് എന്ന വൃദ്ധ മരിച്ചതാണ് ഒടുവിലത്തെ സംഭവം. ടിപ്പറുകളുടെ വേഗപ്പാച്ചിലിനെ തുടർന്നുണ്ടാകുന്ന അപകടങ്ങൾ ദിനംപ്രതി വർദ്ധിച്ചിട്ടും അധികാരികൾ നടപടിയെടുക്കുന്നില്ലെന്ന ആക്ഷേപവുമുണ്ട്. അധിക ലോഡുകൾ ലക്ഷ്യ സ്ഥാനത്തെത്തിക്കുന്നതിനായി അമിത വേഗതയിലാണ് ലോറികൾ പായുന്നത്. ഇത് അപകടങ്ങൾക്കും കാരണമാകുന്നു. സ്‌കൂൾ സമയങ്ങളിൽ ഉൾപ്പെടെയുള്ള ഈ അമിതപ്പാച്ചിലിൽ ആശങ്കയിലാണ് പ്രദേശവാസികൾ.