ട്രേഡിംഗ് തട്ടിപ്പിൽ കൂടുതൽ വീണത് പ്രവാസികൾ, തട്ടിയെടുത്തത് 250 കോടി രൂപ; ഒളിവിൽ പോയവരെ കേരളത്തിലെത്തിക്കാൻ ശ്രമം

Sunday 23 February 2025 11:39 AM IST

തൃശൂർ: ഇരിങ്ങാലക്കുടയിൽ ഷെയർ ട്രേ‌ഡിംഗ് നടത്തി 250 കോടി രൂപ തട്ടിയെടുത്ത കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. തട്ടിപ്പിനിരയായവരിൽ ഭൂരിഭാഗം ആളുകളും പ്രവാസികളാണെന്നാണ് പൊലീസ് പറയുന്നത്. വിദേശത്ത് ജോലി ചെയ്ത് ലഭിക്കുന്ന പണം സുരക്ഷിതമായി നിക്ഷേപിച്ച് കൂടുതൽ ലാഭം സ്വന്തമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രവസികൾ ബില്യൻ ബീസ് എന്ന സ്ഥാപനത്തിന്റെ ഭാഗമായത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എഐ) സഹായത്തോടെ ട്രേഡിംഗ് എന്നതായിരുന്നു സ്ഥാപനം മുന്നോട്ടുവച്ച ആശയം.

പുതിയ ആശയങ്ങൾ അവതരിപ്പിച്ച് നിക്ഷേപകരെ ആകർഷിക്കുകയാണ് പ്രതികൾ ചെയ്തത്. 32 പേരുടെ പരാതിയിൽ സ്ഥാപനത്തിന്റെ നടത്തിപ്പുകാരായ ബിബിൻ കെ ബാബു, ഭാര്യ ജൈത വിജയൻ, സഹോദരൻ സുബിൻ കെ ബാബു, ലിബിൻ എന്നിവരുടെ പേരിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. സംസ്ഥാനത്തിന് പുറത്ത് ഒളിവിൽ പോയ പ്രതികളെ തിരിച്ച് കേരളത്തിൽ എത്തിക്കുന്നതിനുളള ശ്രമം പൊലീസ് ആരംഭിച്ചിട്ടുണ്ട്.

പത്ത് ലക്ഷം രൂപ നിക്ഷേപിച്ചാൽ വർഷംതോറും ആറ് ലക്ഷം രൂപ ലാഭം കിട്ടുമെന്നു വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. പ്രതികൾക്കെതിരെ നിലവിൽ നാല് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 1.95 കോടി രൂപ നഷ്ടപ്പെട്ട ഏങ്ങണ്ടിയൂർ സ്വദേശി ബിന്ദുവിന്റെ പരാതി ക്രൈം ബ്രാഞ്ചിന് കൈമാറി. തട്ടിപ്പിനിരയായ നൂറ്റമ്പതോളം പേർ മുന്നോട്ടുവന്നിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

നിക്ഷേപിച്ച പണം തിരികെ ആവശ്യപ്പെടുന്ന പക്ഷം രണ്ടുമൂന്നു ദിവസത്തിനുള്ളിൽ നൽകാമെന്നും ലാഭ വിഹിതത്തിന്റെ ഒരു ഭാഗം എല്ലാ മാസവും നൽകാമെന്നുമായിരുന്നു ബില്യൻ ബീസ് ഉടമകൾ പരാതിക്കാരുമായി കരാറുണ്ടാക്കിയത്. കമ്പനി ലാഭത്തിലാണെങ്കിലും നഷ്ടത്തിലാണെങ്കിലും എല്ലാ മാസവും നിക്ഷേപകർക്ക് പണം നൽകുമെന്നും ഇവർ ഉറപ്പുപറഞ്ഞിരുന്നു.

ഇതിന് തെളിവായി ബിബിൻ, ജൈത, സുബിൻ, ലിബിൻ എന്നിവർ ഒപ്പുവച്ച ചെക്കും നിക്ഷേപകർക്ക് നൽകിയിരുന്നു. എന്നാൽ ഏതാനും മാസങ്ങൾക്കകം ലാഭവിഹിതം മുടങ്ങിയതോടെ നിക്ഷേപകർ പണം തിരികെ ചോദിച്ച് എത്തിയപ്പോൾ കമ്പനി ഉടമകൾ ഭീഷണിപ്പെടുത്തിയെന്നും പിന്നീട് ഇവർ ദുബായിലേക്ക് കടന്നെന്നും പരാതിയിൽ പറയുന്നുണ്ട്.