നല്ലപോലെ ആഹാരം കഴിച്ച് വ്യായാമം ചെയ്തിട്ടും ക്ഷീണവും തളർച്ചയുമുണ്ടോ? ശരീരത്തിൽ പ്രധാനപ്പെട്ട ഒന്നിന്റെ കുറവ് മൂലമാകാം

Sunday 23 February 2025 5:50 PM IST

കൃത്യമായി ആഹാരം കഴിച്ച് ദിവസേന വ്യായാമം ചെയ്താലും ചിലർക്ക് ഇടയ്ക്കിടെ ക്ഷീണവും തളർച്ചയും അനുഭവപ്പെടാറുണ്ട്. ശരീരത്തിന് ഏറെ ആവശ്യമുള്ള പോഷകമായ മഗ്നീഷ്യത്തിന്റെ കുറവാണ് പലപ്പോഴും ഇത്തരം ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നത്. ഇതിന്റെ സാധാരണ ലക്ഷണമാണ് ക്ഷീണവും തളർച്ചയും.

പേശികളുടെയും എല്ലുകളുടെയും ആരോഗ്യം നിലനിർത്തുന്നതിൽ മഗ്നീഷ്യം പ്രധാന പങ്ക് വഹിക്കുന്നു. വിശപ്പ് കുറയുക, ക്രമരഹിതമായ ഹൃദയമിടിപ്പ്, എല്ലുകളുടെ ബലക്കുറവ്, വിട്ടുമാറാത്ത തലവേദന, മൈഗ്രേയ്ൻ, ഓക്കാനം, ഛർദ്ദി തുടങ്ങിയ ലക്ഷണങ്ങളും മഗ്നീഷ്യത്തിന്റെ കുറവ് മൂലമുണ്ടാകാം.

ശരീരത്തിൽ മഗ്നീഷ്യത്തിന്റെ അളവ് കുറഞ്ഞാല്‍ സ്ത്രീകളിൽ ആർത്തവ വേദന കൂടുതലാകാം. മഗ്നീഷ്യത്തിന്‍റെ അഭാവം ആർത്തവസമയത്ത് പേശികളുടെ പിരിമുറുക്കം വർദ്ധിപ്പിക്കുന്നതിന് ഇടയാക്കും. സാധാരണയേക്കാൾ കഠിനമായ ആർത്തവ വേദന അനുഭവപ്പെടുന്നുണ്ടെങ്കിൽ, ഒരു ഡോക്ടറെ സമീപിക്കുന്നത് നല്ലതാണ്. കൈകാലുകളിലെ മരവിപ്പും ശരീരത്തിൽ മഗ്നീഷ്യം കുറയുന്നതിന്റെ ലക്ഷണമാണ്. മഗ്നീഷ്യത്തിന്‍റെ അളവ് കുറയുന്നത് രക്തസമ്മര്‍ദ്ദം കൂടാനും ഹൃദയാരോഗ്യത്തെ ബാധിക്കാനും സാദ്ധ്യതയുണ്ട്. മഗ്നീഷ്യം കുറയുന്നത് മാനസികാരോഗ്യത്തെയും ബാധിക്കുന്നു. ഇതുമൂലം വിഷാദവും ഉത്‌കണ്ഠയും ഉണ്ടാകാനിടയുണ്ട്.

ചീര, മത്തങ്ങക്കുരു, നേന്ത്രപ്പഴം, ചുവന്ന അരി, തൈര്, എള്ള്, നട്സ്, ഫ്ലാക്സ് സീഡ്, പയർ വർഗങ്ങൾ, ഡാർക്ക് ചോക്ലേറ്റ്, ചിയാ സീഡ്, അവക്കാഡോ തുടങ്ങിയവയിൽ മഗ്നീഷ്യം ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നത് മഗ്നീഷ്യം വർദ്ധിപ്പിക്കുന്നതിന് സഹായിക്കും.