നിങ്ങളുടെ എം.പിയെ നിങ്ങൾക്ക് വിശ്വസിക്കാം, വയനാട്ടിൽ എം.പി ഓഫീസ് ഉദ്ഘാടനം ചെയ്ത് രാഹുൽ ഗാന്ധി

Thursday 29 August 2019 6:32 PM IST

മുക്കം: വയനാടിന്റെ എം.പിയെ വിശ്വസിക്കാമെന്ന് ജനമങ്ങൾക്ക് വാക്കുനൽകി രാഹുൽ ഗാന്ധി. വയനാട്ടിലെ പ്രളയബാധിത പ്രദേശങ്ങളിലെ രണ്ടാംഘട്ട സന്ദർശനത്തിന് ശേഷം മുക്കത്ത് പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. എം.പിയെ നിങ്ങൾക്ക് വിശ്വസിക്കാമെന്നും വെറും എം.പിയായിട്ടല്ല നിങ്ങളുടെ സഹോദരനായും മകനായുമാണ് വയനാട്ടിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

വയനാട്ടിൽ പ്രളയംമൂലം സാധാരണക്കാരന്റെ എല്ലാ ജീവിത സാഹചര്യങ്ങളും തകർക്കപ്പെട്ടു. ഇത് തിരിച്ച് കൊണ്ടുവരണമെന്നും സർക്കാരിൽ നിന്നും സന്നദ്ധ സംഘടനകളിൽ നിന്നും അർഹമായതെല്ലാം നേടിയെടുക്കാൻ ഒപ്പമുണ്ടാകുമെന്നും രാഹുൽ പറഞ്ഞു. എം.പി ഓഫീസ് മുക്കത്ത് ഉദ്ഘാടനം ചെയ്ത ശേഷം രക്ഷാപ്രവർത്തനത്തിലേർപ്പെട്ട സംഘടനകളേയും വ്യക്തികളേയും അദ്ദേഹം ആദരിച്ചു.

വ്യാഴാഴ്ച തിരുവമ്പാടിയിലെ ദുരിതബാധിതരെ കണ്ടതിന് ശേഷം കോഴിക്കോട് ജില്ലയിലെ വ്യാപാരികളുമായും രാഹുൽ ഗാന്ധി ചർച്ച നടത്തി. തുടർന്ന് മുക്കത്തെ എം.പി ഓഫിസ് ഉദ്ഘാടനം ചെയ്തു. കാസർകോട്ടെ കൃപേഷിന്റെയും ശരത്ത് ലാലിന്റെയും കുടുംബത്തിന് കോഴിക്കോട് കോൺഗ്രസ് ജില്ലാ കമ്മിറ്റി സ്വരൂപിച്ച 15 ലക്ഷം രൂപയും ചടങ്ങിൽവച്ച് രാഹുൽ കൈമാറി. വയനാട് ലോക്‌സഭാ മണ്ഡലത്തിൽ ഉൾപ്പെട്ട മലപ്പുറം ജില്ലയിലെ ഏറനാട്, വണ്ടൂർ മണ്ഡലങ്ങളിലെ ദുരിത ബാധിതരേയും അദ്ദേഹം സന്ദർശിക്കുന്നുണ്ട്.