കന്നി രഞ്ജിട്രോഫിക്കായി വിയർപ്പൊഴുക്കാനുണ്ട് പയ്യന്നൂരുകാരനും വരുൺ നായനാരുടെ അരങ്ങേറ്റം സ്വപ്ന സെമിയിൽ

Monday 24 February 2025 10:27 PM IST

പയ്യന്നൂർ: അഭിജാതടീമുകളുടെ കുത്തകയായ രഞ്ജി ട്രോഫി ഫൈനലിൽ ഇതാദ്യമായി കയറിയ കേരളം നാളെ നാഗ്പൂരിൽ വിദർഭയുമായി അങ്കം കുറിക്കുമ്പോൾ അവസാന പതിനൊന്നിൽ ഏറെക്കുറെ ഇടമുറപ്പിച്ച് ഒരു പയ്യന്നൂരുകാരനുമുണ്ട്. ഗുജറാത്തിനെ അവരുടെ മടയിൽ വച്ച് രണ്ട് റൺസ് ലീഡിൽ മറികടന്ന മാച്ചിൽ അരങ്ങേറ്റം കുറിച്ച വരുൺ നായനാർ. ആദ്യ ഇന്നിംഗ്സിൽ പത്തും രണ്ടാം ഇന്നിംഗ്സിൽ ഒന്നും റൺസ് മാത്രമെ സ്കോർബോർഡിൽ കുറിക്കാനായുള്ളുവെങ്കിലും വരുണിന്റെ പ്രതിഭാസ്പർശം ഫൈനലിലെ ഇലവനിൽ സ്ഥാനം നേടിക്കൊടുക്കുമെന്ന വിശ്വാസത്തിലാണ് ക്രിക്കറ്റ് പ്രേമികൾ.

കേരളത്തിന്റെ വിവിധ ഏജ് ഗ്രൂപ്പ് ടീമുകളിൽ മികച്ച പ്രകടനം നടത്തിയാണ് വരുൺ രഞ്ജിടീമിൽ ഇടംകണ്ടെത്തിയത്.

പയ്യന്നൂർ കൊക്കാനിശ്ശേരി മഠത്തുംപടി ക്ഷേത്രത്തിനു സമീപം ദ്വാരകയിലെ ചന്ദ്രമോഹൻ നമ്പ്യാരുടെയും വേങ്ങയിൽ ലത നായനാരുടെയും മകൾ പ്രിയ നായനാരുടെയും വടകര സ്വദേശി ദീപക്കിന്റെയും മകനായ വരുൺ നായനാർ 2002ൽ പയ്യന്നൂരിലാണ് ജനിച്ചത്. ദുബായിൽ ജോലി ചെയ്യുന്ന മാതാപിതാക്കളോടൊപ്പമാണ് താമസം. സ്കൂൾപഠനകാലത്ത് തന്നെ വിക്കറ്റ് കീപ്പറായി തിളങ്ങിയിരുന്നു. ക്രിക്കറ്റിലുള്ള വരുണിന്റെ അഭിനിവേശം തേച്ച് മിനുക്കി എടുത്തത് ദുബായിലെ ജെംസ് ക്രിക്കറ്റ് അക്കാഡമിയാണ്.

ടീമിലെത്തിച്ചത് മികച്ച പ്രകടനം

2016ൽ കേരളയുടെ അണ്ടർ 14 ടീമിൽ അംഗമായും വൈസ് ക്യാപ്റ്റനായും തിളങ്ങിയിരുന്നു വരുൺ. 2018ൽ അണ്ടർ 16 ടീമിന്റെ നായകനായി. വിജയ് മർച്ചന്റ് ട്രോഫി മത്സരങ്ങളിൽ മികച്ച പ്രകടനമായിരുന്നു അന്ന് കേരളം കാഴ്ചവച്ചത്. രണ്ടു സെഞ്ചുറികളും 3 അർദ്ധ സെഞ്ചുറികളുമായി വരുൺ തിളങ്ങി. കേരള അണ്ടർ 19ടീമിനെ നയിച്ച കൂച്ച് ബിഹാർ ട്രോഫിയിൽ ഡബിൾ സെഞ്ചുറിയും ഒരു അർദ്ധ സെഞ്ചുറിയുമടക്കം നേടി. കേരളത്തിനു വേണ്ടി ഡബിൾ സെഞ്ചുറി നേടിയ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരൻ എന്ന ഖ്യാതിയും വരുണിന് സ്വന്തമാണ്. പതിനേഴാം വയസിൽ അണ്ടർ 19 ദക്ഷിണാഫ്രിക്കക്കെതിരായുള്ള ഇന്ത്യൻ ടീമിലും ഇടം നേടാനും കഴിഞ്ഞു. ഇന്ത്യൻ അണ്ടർ 19 ടീമിൽ ജെഴ്സി അണിഞ്ഞ ഏറ്റവും പ്രായം കുറഞ്ഞ കേരളതാരം എന്ന ബഹുമതിയും വരുണിനെ തേടിയെത്തി.