വാർ ആൻഡ് പീസ് വായിച്ച് നരേന്ദ്രമോദി,​ ചിത്രം പങ്കുവച്ച് സോഷ്യൽ മീഡിയയിൽ പ്രതിഷേധം

Thursday 29 August 2019 8:07 PM IST

ന്യൂഡൽഹി: ലിയോ ടോൾസ്റ്റോയിയുടെ ക്ലാസിക്കായ 'വാർ ആൻഡ് പീസ്'( യുദ്ധവും സമാധാനവും) വീട്ടിൽ സൂക്ഷിച്ചത് എന്തിനെന്ന ബോംബെ ഹൈക്കോടതിയുടെ ചോദ്യത്തിനെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം.

പ്രധാനമന്ത്രി നരേന്ദ്ര മോദി വാർ ആൻഡ് പീസ് വായിക്കുന്ന ചിത്രം ട്വിറ്ററിൽ ഷെയർ ചെയ്തുകൊണ്ടാണ് മാദ്ധ്യമപ്രവർത്തകനും ആൾട്ട് ന്യൂസ് സഹസ്ഥാപകനുമായ പ്രതിക് സിൻഹ കോടതിയുടെ ചോദ്യത്തിനെതിരെ രംഗത്തെത്തിയത്.

അർബൻ നക്‌സൽ നരേന്ദ്രമോദി ടോൾസ്‌റ്റോയിയുടെ വാർ ആൻഡ് പീസ് വായിക്കുന്നു എന്ന് പറഞ്ഞുകൊണ്ടാണ് ചിത്രം അദ്ദേഹം ഷെയർ ചെയ്തത്. 2013 ലെ ചിത്രമാണ് ഇതെന്നും മോദി വായിക്കുന്നത് വാർ ആന്‍ഡ് പീസ് തന്നെയാണെന്നും പറഞ്ഞ് നിരവധി പേർ ട്വിറ്ററിൽ രംഗത്തെത്തിയിട്ടുണ്ട്.

' വാർ ആൻഡ് പീസ് മറ്റൊരു രാജ്യത്തെ യുദ്ധത്തെ കുറിച്ചുള്ളതാണ്. എന്തിനാണ് നിങ്ങൾ പ്രകോനപരമായ വസ്തുക്കൾ- വാർ ആൻഡ് പീസ് പോലുള്ള പുസ്തകങ്ങളും സീഡികളും വീട്ടിൽ സൂക്ഷിക്കുന്നത്? ഇത് നിങ്ങൾ കോടതിയോട് വിശദീകരിക്കേണ്ടി വരും- എന്നായിരുന്നു ജഡ്ജി പറഞ്ഞത്.

വാർ ആൻഡ് പീസിന്റെ പതിപ്പ് എന്തുകൊണ്ടാണ് കൈവശം വെച്ചു എന്ന് വിശദീകരിക്കാൻ ബോംബെ ഹൈക്കോടതിയിലെ ജഡ്ജി ആവശ്യപ്പെട്ടിരിക്കുന്നെന്നും വളരെ വിചിത്രമാണ് ഇതെന്നുമായിരുന്നു ജയ്‌റാം രമേശ് പ്രതികരിച്ചത്. മഹാത്മാ ഗാന്ധിയിൽപോലും വലിയ സ്വാധീനം ചെലുത്തിയ വ്യക്തിയാണ് ടോൾസ്‌റ്റോയിയെന്നും പുതിയ ഇന്ത്യയിലേക്ക് സ്വാഗതം! എന്നുമായിരുന്നു ജയ്‌റാം രമേശ് ട്വിറ്ററിൽ കുറിച്ചത്.