കൂട്ടക്കൊല ഉയർത്തുന്ന ചോദ്യങ്ങൾ
സ്വന്തം കർമ്മദോഷംകൊണ്ടോ നടത്താനറിയാത്തതുകൊണ്ടോ പിതാവിന്റെ ബിസിനസ് തകർന്ന് കടക്കെണിയിലായതിന്റെ പേരിൽ കാമുകിയെയും അനിയനെയും വൃദ്ധയായ അമ്മൂമ്മയെയും ഉൾപ്പെടെ അഞ്ചുപേരെ നിഷ്‌കരുണം കൊലപ്പെടുത്തിയ ഇരുപത്തിമൂന്നുകാരനായ അഫാൻ കേരളക്കരയിലെങ്ങും തിങ്കളാഴ്ച വൈകിട്ടു മുതൽ സംസാരവിഷയമായിരിക്കുകയാണ്. യാതൊരു മനക്ഷോഭവും കൂടാതെ വെഞ്ഞാറമൂട്ടിലും പരിസര പ്രദേശങ്ങളിലുമായി മൂന്നു പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന ഉറ്റ ബന്ധുക്കളെയാണ് മണിക്കൂറുകൾക്കിടെ, മോട്ടോർ സൈക്കിളിലെത്തി ഈ നരാധമൻ ചുറ്റികകൊണ്ട് തലയ്ക്കടിച്ചും മാരകായുധം ഉപയോഗിച്ചും യമപുരിക്കയച്ചത്. മനസിനുള്ളിൽ ഒളിപ്പിച്ചുവച്ച പൈശാചികതയുടെ ആഴവും പച്ചമനുഷ്യരെ ഇത്രയും ക്രൂരമായ നിലയിൽ വധിക്കാൻ യാതൊരു മനസാക്ഷിക്കുത്തുമില്ലാത്ത ഒരു പിശാചിനു മാത്രമേ ഇത്രയേറെ കൊലപാതകങ്ങൾ ഒറ്റയടിക്കു ചെയ്യാനാവൂ.
ക്യാൻസർ രോഗിയായ സ്വന്തം മാതാവിനെയും ചുറ്റികകൊണ്ട് തലയ്ക്കടിച്ചു കൊല്ലാൻ അഫാൻ ശ്രമിച്ചതാണ്. ദൗത്യം നിറവേറ്റി എന്നു കരുതിയാണ് വീടും പൂട്ടി ഗ്യാസ് സിലിണ്ടറും തുറന്നുവച്ച് നേരെ പൊലീസ് സ്റ്റേഷനിലേക്കു വിട്ടത്. താൻ ആറുപേരെ കൊലപ്പെടുത്തിയിട്ടാണ് എത്തിയിരിക്കുന്നതെന്നും വിഷം കഴിച്ചിട്ടുണ്ടെന്നും ഏറ്റുപറഞ്ഞ് പൊലീസിനു മുന്നിലെത്തിയ ഘാതകൻ അപ്പോഴും തികച്ചും അക്ഷോഭ്യനായിരുന്നു. വിശ്വസിക്കാനാവാതെ അന്തംവിട്ടുപോയ പൊലീസിന് കാര്യങ്ങൾ മനസിലാക്കാൻ അല്പനേരം വേണ്ടിവന്നുവത്രെ. നാട്ടിൽ ഇപ്പോൾ പലേടത്തും നടന്നുകൊണ്ടിരിക്കുന്ന അരുംകൊലകളുടെ സ്വഭാവം വിലയിരുത്തിയാൽ അഫാന്റെ ക്രൂരതയിൽ ഞെട്ടിത്തരിച്ചിട്ടു കാര്യമില്ല. മനോനില കൈവിട്ടു പോകുന്നതിനൊപ്പം ലഹരിവസ്തുക്കളുടെ സ്വാധീനം കൂടിയാകുമ്പോൾ മനുഷ്യർ മൃഗതുല്യമായി മാറുന്നത് പതിവാണ്. ഏതു നാട്ടിലും ഈയിടെ നടന്ന ക്രൂര കൊലപാതകങ്ങൾ മനുഷ്യ സഹജീവികളോടുള്ള കൊടുംപാതകങ്ങളാണെന്നു തിരിച്ചറിയാൻ വിഷമമില്ല.
വയനാടൻ വനാതിർത്തികളിൽ കാട്ടാനകൾ മനുഷ്യരെ ചവിട്ടിയും കുത്തിയും കൊല്ലുന്നതിനെതിരെ അവിടെ നിരന്തരം പ്രക്ഷോഭങ്ങൾ നടക്കുകയാണ്. എന്നാൽ അഫാനുമായി താരതമ്യപ്പെടുത്തുമ്പോൾ കാട്ടാനകളും വന്യജീവികളും എത്രയോ സാധുക്കളാണ്. മനുഷ്യർ അബദ്ധത്താൽ അവയുടെ മുന്നിൽ ചെന്നുപെടുമ്പോഴാണ് സ്വാഭാവിക പ്രതികരണമെന്ന മട്ടിലുള്ള അവയുടെ ആക്രമണം. വെഞ്ഞാറമൂട്ടിലെ അഫാനാകട്ടെ, സ്വന്തം പിതാവിനു നേരിട്ട ബിസിനസ് നഷ്ടം തീർക്കാൻ ബന്ധുക്കളോട് ആവശ്യപ്പെട്ട പണം കിട്ടാതായപ്പോഴാണ്, എങ്കിലിനി എല്ലാറ്റിനെയും തീർത്തുകളയാം എന്നു തീരുമാനിച്ചത്. ഓരോ കൊലപാതകത്തിനു പിന്നിലും ലക്ഷ്യമുണ്ടായിരുന്നു എന്നാണ് പ്രതിയുടെ കുറ്റസമ്മതം. എന്നാൽ തന്റെ ലക്ഷ്യം നിറവേറ്റാനുള്ള പൈശാചിക കുറ്റകൃത്യം സാധാരണ മനുഷ്യർക്കെന്നല്ല, കുറ്റവാളികളെപ്പോലും നടുക്കുന്ന വിധത്തിലുള്ളതായി.
സഹജീവികളിൽ നിന്നും സ്വന്തക്കാരിൽ നിന്നും പ്രായേണ അകന്നു ജീവിക്കുന്ന യുവാക്കളുടെ മനസ് എപ്പോഴാണ് ഇതുപോലെ കൊടും ക്രൂരതകൾ ചെയ്യാൻ തക്ക കാരിരുമ്പാകുന്നതെന്ന് പറയാനാകില്ല. ഇതുവരെ നാട്ടുകാരെക്കൊണ്ട് മോശം അഭിപ്രായപ്രകടനത്തിന് ഇടകൊടുക്കാത്ത യുവാവെന്ന നിലയിൽ അറിയപ്പെട്ടിരുന്ന അഫാൻ എന്ന കൊടുംപാപി എങ്ങനെ ഈ നിലയിലായെന്ന് കണ്ടുപിടിക്കേണ്ടത് പൊലീസിന്റെയും മനശ്ശാസ്ത്രജ്ഞരുടെയും ദൗത്യമാണ്. നമുക്കിടയിൽ ഇനിയും എത്രയോ പേർ ഈ ഗണത്തിൽപ്പെടുന്നവരായി ഉണ്ടാകും. നാട്ടിൽ സുലഭമായി ലഭിക്കുന്ന വിവിധയിനം ലഹരിവസ്തുക്കൾ യുവതലമുറയിൽ വലിയൊരു വിഭാഗത്തെ സർവനാശത്തിലേക്ക് കൂട്ടിക്കൊണ്ടുപോവുകയാണ്. അതിന്റെ കൊടിയ ഭവിഷ്യത്തുകളാണ് അവിടവിടെ നടക്കുന്ന ഇതുപോലുള്ള കുറ്റകൃത്യങ്ങൾ.