തിരുവനന്തപുരത്ത് നിന്ന് കാസർകോട് ഒരു മണിക്കൂറിലെത്താം,​ വന്ദേഭാരതിന് പിന്നാലെ അതിവേഗ ഗതാഗതത്തിൽ പുത്തൻ ചുവടുവയ്പ്,​ ഹൈപ്പർലൂപ്പ് വരുന്നു

Tuesday 25 February 2025 8:59 PM IST

ന്യൂഡൽഹി : ഇന്ത്യയുടെ ഗതാഗത രംഗത്ത് വൻപുരോഗതിയാണ് സമീപകാലത്ത് ഉണ്ടായത്. ഹൈവേകളുടെയും റോഡുകളുടെയും വികസനവും മെട്രോ സംവിധാനവും ഉണ്ടാക്കിയ മാറ്റങ്ങൾക്കിടയിലാണ് വന്ദേഭാരത് ട്രെയിനുകളും രാജ്യത്ത് അവതരിപ്പിച്ചത്. ഇപ്പോഴിതാ അതിവേഗ ഗതാഗത സംവിധാനത്തിലേക്ക് മറ്റൊരു സുപ്രധാന ചുവടുവയ്പ് നടത്തുകയാണ് ഇന്ത്യൻ റെയിൽവേ.

മണിക്കൂറിൽ 1000 കിലോമീറ്റർ വരെ വേഗത്തിൽ സഞ്ചരിക്കാൻ സാധിക്കുന്ന ഹൈപ്പർ ലൂപ്പ് ഗതാഗത സംവിധാനം എന്ന നൂതനമായ യാത്രാമാർഗം ഇന്ത്യയിലും യാ‍ഥാർത്ഥ്യമാകുകയാണ്. ഇതിനായി ഇന്ത്യൻ റെയിൽവേയുടെ പിന്തുണയോടെ ഐ.ഐ.ടി മദ്രാസ് 422 മീറ്റർ നീളത്തിലുള്ള ഹൈപ്പർ ലൂപ്പ് ടെസ്റ്റ് ട്രാക്ക് ഒരുക്കിയതായി റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് എക്സിലൂടെ അറിയിച്ചു. ഇന്ത്യയിലെ ആദ്യ ഹൈപ്പർ ലൂപ്പ് ടെസ്റ്റ് ട്രാക്കാണിത്. ടെസ്റ്റ് ട്രാക്കിന്റെ വീഡിയോ സഹിതമാണ് അശ്വിനി വൈഷ്ണവ് ഇക്കാര്യം പങ്കുവച്ചത്.

ഹൈപ്പർ ലൂപ്പ് ട്രാക്കിലൂടെ വെറും 30 മിനിട്ടിനുള്ളിൽ 350 കിലോമീറ്റർ യാത്ര ചെയ്യാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ. കേരളം ഉദാഹരണമായി എടുത്താൽ കാസർകോട് നിന്ന് തിരുവനന്തപുരം വരെ ഒരു മണിക്കൂറിനുള്ളിൽ എത്താൻ സാധിക്കും.

422 മീറ്റർ നീളത്തിൽ ഒരുക്കിയിട്ടുള്ള ഈ ആദ്യ പോഡ് സാങ്കേതിക വിദ്യകൾ വികസിപ്പിക്കുന്ന കാര്യത്തിൽ വലിയ മുന്നേറ്റമാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് അശ്വനി വൈഷ്ണവ് അറിയിച്ചു. ഹൈപ്പർ ലൂപ്പ് ട്രാക്ക് വികസിപ്പിക്കുന്നതിനായി വകയിരുത്തിയിട്ടുള്ള ഒരു മില്യൺ ഡോളർ വീതമുള്ള ആദ്യ രണ്ട് ഗ്രാന്റുകൾക്ക് ശേഷം മൂന്നാംഘട്ട ധനസഹായമായി ഒരു മില്യൺ ഡോളർ ഉടൻ നൽകുമെന്നും മന്ത്രി അറിയിച്ചു. മദ്രാസ് ഐ.ഐ.ടിയുടെ ഡിസ്‌കവറി കാംപസിലാണ് 422 മീറ്റർ നീളമുള്ള ട്രാക്ക് സജ്ജമാക്കിയത്

ഹൈപ്പർലൂപ്പ്

താഴ്ന്ന മർദത്തിലുള്ള ട്യൂബുകളിലൂടെ കാന്തികശക്തി ഉപയോഗിച്ച് പ്രവർത്തിക്കുന്ന മാഗ്‌നെറ്റിക് ലെവിറ്റേഷൻ എന്ന സാങ്കേതികവിദ്യയാണ് ഹൈപ്പർലൂപ്പിനു പിന്നിൽ. കാപ്സ്യൂൾ ആകൃതിയിലുള്ള ട്രെയിൻ സർവീസായിരിക്കും ഇതിലൂടെയുണ്ടാവുക. ആളുകളെയും ചരക്കും അതിവേഗത്തിൽ ലക്ഷ്യസ്ഥാനത്ത് എത്തിക്കാം. ഊർജ ചെലവ് നന്നേ കുറവായിരിക്കും. പ്രതികൂല കാലാവസ്ഥയിലും യാത്ര ചെയ്യാൻ സാധിക്കും. കൂട്ടിയിടി പോലുള്ള അപകടങ്ങൾക്കുള്ള സാധ്യതയില്ല.