മദ്യനയ ഇടപാടുമായി ബന്ധപ്പെട്ട് ഖജനാവിന് വന്നത് 2002 കോടിയുടെ നഷ്‌ടം, മുഖ്യമന്ത്രിയുടെ വീട് മോടിപിടിപ്പിച്ചത് 33 കോടി മുടക്കി

Tuesday 25 February 2025 9:55 PM IST

ന്യൂഡൽഹി: മുൻ ആം ആദ്മി സർക്കാരിനെ വെട്ടിലാക്കുന്ന സി.എ.ജി റിപ്പോർട്ടുകൾ നിയമസഭയുടെ മേശപ്പുറത്തുവച്ച് ഡൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത.
വിവാദ മദ്യനയ ഇടപാട്, മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി മോടി പിടിപ്പിക്കൽ തുടങ്ങിയവയിലുൾപ്പെടെയുള്ള 14 റിപ്പോർട്ടുകളാണിവ.
മദ്യനയ ഇടപാടിൽ ഖജനാവിന് 2002.68 കോടിയുടെ നഷ്ടമുണ്ടായെന്നും നടപ്പാക്കിയത് പാളിപ്പോയെന്നും റിപ്പോർട്ടിൽ പറയുന്നു.


മുൻ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളുൾപ്പെടെ ആം ആദ്മിയുടെ പ്രധാന നേതാക്കൾ ആരോപണം നേരിടുന്ന വിഷയങ്ങളിലെ റിപ്പോർട്ടുകൾ രാഷ്ട്രീയ വാക്‌പോരിനും തുടക്കമിട്ടു. റിപ്പോർട്ടുകൾ നിയമസഭയിൽ വയ്ക്കുന്നത് വൈകിപ്പിക്കാൻ ആം ആദ്മി പാർട്ടി മനപ്പൂർവ്വം ശ്രമിച്ചെന്ന് ബി.ജെ.പി എം.എൽ.എമാർ ആരോപിച്ചു. അതിനിടെ 27 ന് അവസാനിക്കേണ്ടിയിരുന്ന സഭാ സമ്മേളനം മാർച്ച് മൂന്ന് വരെ നീട്ടി.

സിഎജി കണ്ടെത്തലുകൾ ഇവയാണ്: മദ്യനയ ഇടപാടുമായി ബന്ധപ്പെട്ട് ഖജനാവിന് 2002.68 കോടിയുടെ നഷ്ടം, മദ്യനയവുമായി ബന്ധപ്പെട്ട വിദഗ്ദ്ധസമിതിയുടെ ശുപാർശകൾ മുൻമന്ത്രി മനീഷ് സിസോദിയ അവഗണിച്ചു, റീട്ടെയിൽ മദ്യ ലൈസൻസുകൾ അനുവദിച്ചത് കൃത്യമായ പരിശോധനകളില്ലാതെ, മുഖ്യമന്ത്രിയുടെ വസതി മോടി പിടിപ്പിക്കാൻ ചെലവാക്കിയത് 33.66 കോടി.

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഓഫീസുകളിലെ ഡോ. ബി.ആർ. അംബേദ്കറുടെ ഫോട്ടോ മാറ്രിയതിൽ വൻ പ്രതിഷേധമുയർത്തി പ്രതിപക്ഷം.
അതേസ്ഥലത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം വച്ചെന്ന് ആരോപിച്ചു. ലെഫ്‌റ്റനന്റ് ഗവർണർ വി.കെ. സക്സേന നയപ്രഖ്യാപന പ്രസംഗം തുടങ്ങിയ ഉടൻ പ്രതിപക്ഷ നേതാവ് അതിഷിയും ആം ആദ്മി എം.എൽ.എമാരും മുദ്രാവാക്യം മുഴക്കി. ഇതോടെ, അതിഷിയുൾപ്പെടെ 21 എം.എൽ.എമാരെ 28 വരെ പുറത്താക്കാൻ നിയമസഭാ സ്പീക്കർ വിജേന്ദർ ഗുപ്ത നിർദ്ദേശം നൽകി. സുരക്ഷാചുമതലയുള്ള മാർഷൽമാർ എം.എൽ.എമാരെ സഭയിൽ നിന്ന് നീക്കി. 22 ആം ആദ്മി എം.എൽ.എമാരിൽ അമാനത്തുള്ള ഖാൻ ഇന്നലെ സമ്മേളനത്തിന് എത്തിയില്ല.

അംബേദ്കറുടെ ചിത്രം അതേ സ്ഥലത്ത് പുനഃസ്ഥാപിക്കും വരെ സഭയ്ക്കുള്ളിലും തെരുവിലും പ്രതിഷേധം തുടരുമെന്ന് അതിഷി പ്രതികരിച്ചു. ഓഫീസുകളിൽ നിന്ന് അംബേദ്കറിന്റെ ചിത്രം മാറ്റിയിട്ടില്ലെന്ന് വ്യക്തമാക്കിയ ബി.ജെ.പി, കേ‌ജ്‌രിവാളിനൊപ്പം അംബേദ്കറിന്റെ ചിത്രം മുൻപ് സ്ഥാപിച്ചിരുന്നതിനെ വിമർശിച്ചു.