പകുതി വില തട്ടിപ്പ് : കോൺഗ്രസ് വനിതാ നേതാവിനെതിരെ വ്യക്തമായ തെളിവെന്ന് ഇഡി, വിദേശത്ത് നിന്ന് വിളിച്ചുവരുത്തി ചോദ്യം ചെയ്തു
കുമളി: പകുതിവില തട്ടിപ്പ് കേസിൽ കുമളി പഞ്ചായത്ത് മുൻ പ്രസിഡന്റും മഹിളാ കോൺഗ്രസ് ഇടുക്കി ജില്ലാ സെക്രട്ടറിയുമായ ഷീബാ സുരേഷിനെ വിദേശത്ത് നിന്ന് വിളിച്ചു വരുത്തി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്തു. കുമളിയിലെ വീട്ടിൽ പരിശോധനയും നടത്തി. പകുതിവില തട്ടിപ്പിൽ ഷീബയുടെ പങ്ക് സംബന്ധിച്ച് വ്യക്തമായ തെളിവ് ലഭിച്ചതായി ഇ.ഡി വ്യക്തമാക്കി. മുഖ്യപ്രതി അനന്തു കൃഷ്ണനുമായി സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടോ എന്നതും പരിശോധിക്കുന്നു.
വിദേശത്ത് മകൾക്കൊപ്പമായിരുന്നു ഷീബയും ഭർത്താവ് സുരേഷും. ഇന്ന് രാവിലെയാണ് ഇവരെ നാട്ടിലെത്തിച്ചത്. തുടർന്ന് ആരംഭിച്ച ചോദ്യം ചെയ്യൽ രാത്രി എട്ടരവരെ നീണ്ടു. കൊച്ചിയിൽ നിന്നെത്തിയ ഏഴംഗ ഇ.ഡി സംഘമാണ് ചോദ്യം ചെയ്തത്. അനന്തുകൃഷ്ണന്റെ നേതൃത്വത്തിൽ ആരംഭിച്ച സർദാർ പട്ടേൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അഡ്വാൻസ്ഡ് റീസർച്ച് ഡവലപ്മെന്റ് സൊസൈറ്റി ചെയർപേഴ്സനും എൻ.ജി.ഒ കോൺഫെഡറേഷൻ ബോർഡ് അംഗവുമാണ് ഷീബ. ഇതിന്റെ കീഴിലാണ് സംസ്ഥാനമൊട്ടാകെ 64 സീഡ് സൊസൈറ്റികൾ അനന്തുവും സംഘവും രൂപീകരിച്ചത്. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് തിരുവനന്തപുരമടക്കം വിവിധ ജില്ലകളുടെ ചുമതല ഷീബയ്ക്ക് ഉണ്ടായിരുന്നെന്നാണ് വിവരം. തന്റെ ബന്ധങ്ങൾ ഉപയോഗിച്ച് പലയിടത്തും കോ ഓർഡിനേറ്റർമാരെ നിയോഗിച്ചത് ഷീബയാണെന്നും സൂചനയുണ്ട്.
തട്ടിപ്പ് കേസിൽ ഷീബയെ പ്രതി ചേർത്തിട്ടില്ലെങ്കിലും വണ്ടന്മേട് പൊലീസിൽ സീഡ് കോ ഓർഡിനേറ്റർമാർ ഷീബയ്ക്കെതിരെ പരാതി നൽകിയിട്ടുണ്ട്. മൂന്ന് കോടിയോളം തട്ടിയെടുത്തെന്നാണ് പരാതി.