17,225 കോടിയുടെ കമ്പനി; ടിവിഎസിന്റെ തലപ്പത്ത് ഇരിക്കുന്ന ലക്ഷ്മിയെ അറിയാമോ?

Wednesday 26 February 2025 1:33 PM IST

ശതകോടീശ്വരന്റെ മകളായിട്ടല്ല, ബിസിനസിൽ തന്റേതായ പാത കണ്ടെത്തിയ യുവതി ലക്ഷ്മി വേണുവിനെ നിങ്ങൾ അറിയാമോ?. ടിവിഎസ് ഗ്രൂപ്പ് ചെയർമാൻ വേണു ശ്രീനിവാസന്റെ മകളാണ് ലക്ഷ്‌മി വേണു. ടിവിഎസിന്റെ വളർച്ചയ്ക്ക് ലക്ഷ്മി വേണുവിന്റെ പങ്കും എടുത്ത് പറയേണ്ടതാണ്. വേണു - മല്ലിക ദമ്പതികളുടെ മകളായ ലക്ഷ്മി വേണു 1983ലാണ് ജനിച്ചത്. യുഎസിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടി.

യു കെയിലെ വാർവിക് സർവകലാശാലയിൽ എഞ്ചിനീയറിംഗ് മാനേജ്മെന്റിൽ ഡോക്ടറേറ്റ് നേടി. 2010 മുതൽ ടിവിഎസിന്റെ ജോയിന്റ് മാനേജിംഗ് ഡയറക്ടറായും 2022 മുതൽ കമ്പനിയുടെ മാനേജിംഗ് ഡയറക്ടറായും ചുമതലയേറ്റു. 17,225.61 കോടിരൂപയുടെ മാർക്കറ്റ് മൂല്യമുള്ള സ്ഥാപനമാണ് ടിവിഎസ്. ഇത്തരം കമ്പനികളുടെ നേതൃസ്ഥാനത്തിലിരുന്ന് മികവ് പുലർത്താൻ സ്ത്രീകൾക്കും കഴിയുമെന്ന് കാണിച്ചിരിക്കുകയാണ് ലക്ഷ്മി വേണു.

ഒട്ടുമിക്ക വാഹനകമ്പനികളിൽ പുരുഷന്മാരായിരിക്കും നേതൃസ്ഥാനത്ത്. ആ രീതിയിൽ ഒരു മാറ്റം കൊണ്ടുവരാൻ ലക്ഷ്മിക്ക് കഴിഞ്ഞു. ടിവിഎസിന്റെ വളർച്ചയ്ക്ക് ലക്ഷ്മി ഒരു പ്രധാന പങ്കുവഹിക്കുന്നുണ്ടെന്ന് തന്നെ പറയാം. 2018 മാർച്ചിൽ പ്രശസ്ത രാഷ്ട്രീയ നേതാവ് എൻ ജി രംഗയുടെ ചെറുമകനും എൻജിനിയറുമായ മഹേഷ് ഗോഗിനേനിയെ ലക്ഷ്മി വിവാഹം കഴിച്ചു. ജോധ്പൂരിലാണ് വിവാഹം നടന്നത്.