'മലൈക്കോട്ടൈ  വാലിബൻ' നഷ്ടമായിരുന്നില്ല, ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാകുമോയെന്നത് വ്യക്തമാക്കി നിർമാതാവ്

Thursday 27 February 2025 1:10 PM IST

മലയാളത്തിന്റെ സൂപ്പർസ്റ്റാർ മോഹൻലാലും സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒന്നിച്ച ചിത്രമായിരുന്നു 'മലൈക്കോട്ടൈ വാലിബൻ'. മലയാളികൾ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രത്തിന് തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടാൻ സാധിച്ചിരുന്നില്ല. കളക്ഷനിലും ഇടിവുണ്ടായി. ഷിബു ബേബിജോൺ,​ അച്ചു ബേബി ജോൺ എന്നിവരുടെ നേതൃത്വത്തിലുള്ള ജോൺ ആൻഡ് മേരി ക്രിയേറ്റീവ്സ്,​ കൊച്ചുമോന്റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്,​ അനൂപിന്റെ മാക്സ്‌ലാബ്,​ സരിഗമ ഇന്ത്യ ലിമിറ്റഡ് എന്നിവരായിരുന്നു ചിത്രത്തിന്റെ നിർമ്മാതാക്കൾ. എന്നാൽ മലൈക്കോട്ടൈ വാലിബൻ നഷ്ടമായിരുന്നില്ല എന്നാണ് നിർമാതാവ് പറയുന്നത്.

ഒടിടി, സാറ്റലൈറ്റ്, മ്യൂസിക് റൈറ്റ്‌സ് എന്നിവയിലൂടെ ചിത്രത്തിന് വലിയ തുക ലഭിച്ചു എന്നാണ് ഷിബു ബേബി ജോൺ പറയുന്നത്. ചിത്രത്തിന്റെ രണ്ടാം ഭാഗം ഉണ്ടാവും എന്ന് നേരത്തെ അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു. എന്നാൽ പരാജയപ്പെട്ട സാഹചര്യത്തിൽ രണ്ടാം ഭാഗം ഉണ്ടാകുമോയെന്ന് ആരാധകർ ചോദിച്ചിരുന്നു. ഇതിലും വ്യക്ത വരുത്തുകയാണ് നിർമാതാവ്. ചിത്രത്തിന്റെ രണ്ടാം ഭാഗം ഉണ്ടാകില്ലെന്നാണ് ഷിബു ബേബി ജോൺ വ്യക്തമാക്കിയത്.

2024 ജനുവരി 25നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ സൊണാലി കുൽക്കർണി,​ മനോജ് മോസസ്,​ കഥ നന്ദി,​ ഡാനിഷ് സേഠ്,​ മണികണ്ഠൻ ആചാരി തുടങ്ങിയവരുൾപ്പെടെ വൻതാരനിരയാണ് അണിനിരന്നത്. രാജസ്ഥാൻ, ചെന്നൈ തുടങ്ങിയ മേഖലകളിലായി​ ഒരുവർഷം കൊണ്ടായിരുന്നു ചിത്രീകരണം പൂർത്തിയാക്കിയത്. പി എസ് റഫീക്കാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. ക്യാമറ ചലിപ്പിച്ചത് മധു നീലകണ്ഠൻ.