കോസ്റ്റ് ഗാർഡ് കമാൻഡർ വിഴിഞ്ഞം സന്ദർശിച്ചു
തിരുവനന്തപുരം: കോസ്റ്റ് ഗാർഡ് കമാൻഡർ (പടിഞ്ഞാറൻ തീരമേഖല) അഡിഷണൽ ഡയറക്ടർ ജനറൽ എ.കെ.ഹർബോള വിഴിഞ്ഞം കോസ്റ്റ് ഗാർഡ് കേന്ദ്രം സന്ദർശിച്ചു. തീരദേശ സുരക്ഷ ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളും തിരുവനന്തപുരത്ത് നടക്കുന്ന അടിസ്ഥാന സൗകര്യ വികസനങ്ങളുടെ പുരോഗതിയും അദ്ദേഹം വിലയിരുത്തി. വിഴിഞ്ഞം കോസ്റ്റ് ഗാർഡ് സ്റ്റേഷൻ കമാൻഡർ, കമൻഡാന്റ് ജി.ശ്രീകുമാർ നിലവിലുള്ള സ്ഥലമെടുപ്പ് കേസുകളെക്കുറിച്ചും കോസ്റ്റ് ഗാർഡ് ജെട്ടിയുടെ നിർമ്മാണത്തെക്കുറിച്ചും വിശദീകരിച്ചു. തീരദേശ സുരക്ഷാസംവിധാനം ഉറപ്പുവരുത്തുന്നതിൽ തിരുവനന്തപുരത്തെ കോസ്റ്റ് ഗാർഡ് നടത്തുന്ന പരിശ്രമങ്ങളിൽ എ.ഡി.ജി സംതൃപ്തി രേഖപ്പെടുത്തി. കോസ്റ്റ് ഗാർഡിന് പൂർണ പിന്തുണ നൽകിയതിന് സർക്കാരിനും ഉദ്യോഗസ്ഥർക്കും അദ്ദേഹം നന്ദി അറിയിച്ചു. ഭാര്യ കവിത ഹർബോളയും എത്തിയിരുന്നു. വിഴിഞ്ഞത്തെ കോസ്റ്റ് ഗാർഡ് വൈവ്സ് വെൽഫെയർ അസോസിയേഷൻ അംഗങ്ങളുമായി അവർ സംവദിച്ചു.