ലഹരിക്കടിമയായ യുവാവ് ഉമ്മയെ ആക്രമിച്ച് പരിക്കേൽപ്പിച്ചു
വിതുര: ലഹരിക്കടിമയായ യുവാവ് ഉമ്മയെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും, വീട്ടുസാധനങ്ങൾ അടിച്ചുതകർക്കുകയും ചെയ്തതായി പരാതി.സംഭവവുമായി ബന്ധപ്പെട്ട് ചെറ്റച്ചൽ വാവുപുര ഫിറോസ് മൻസിലിൽ മുഹമ്മദ് ഫയാസിനെ (19) പൊലീസ് അറസ്റ്റ് ചെയ്തു.
ജ്യേഷ്ഠത്തിയുടെ റൂമിൽ കയറിയത് വിലക്കിയതിനെ തടർന്നാണ് 46 കാരിയായ ഉമ്മയുടെ കഴുത്തിന് കുത്തിപിടിക്കുകയും മർദ്ദിക്കുകയും ചെയ്തത്.പരിക്കേറ്റ ഇവരെ വിതുര ഗവൺമെന്റ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വീട്ടിലെ ഫ്രിഡ്ജും, അടുക്കളയിലെ മറ്റ് സാധനങ്ങളും ഫയാസ് അടിച്ചുതകർക്കുകയും, വീടിന് കേടുപാടുണ്ടാക്കുകയും ചെയ്തു. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് വിതുര സി.ഐ പ്രദീപ്കുമാർ,എസ്.ഐ മുഹമ്മദ് മുഹ്സിൻ, എ.എസ്.ഐ ഇർഷാദ് എന്നിവർ സ്ഥലത്തെത്തി ഫയാസിനെ അറസ്റ്റ് ചെയ്തു.ലഹരി ഉത്പന്നങ്ങൾ വിറ്റഴിച്ചതുമായി ബന്ധപ്പെട്ട് ഇയാൾക്കെതിരെ വിതുര സ്റ്റേഷനിൽ മൂന്ന് കേസുകളുണ്ട്.നെടുമങ്ങാട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.